അമേരിക്കയില്‍ അതിതീവ്ര കൊവിഡ് വ്യാപനം; ഒറ്റദിവസം 10 ലക്ഷം പേര്‍ക്ക് രോഗം

വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച് അമേരിക്കയില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനം. തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ 10 ലക്ഷം പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. ഒരു രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമാണ്. നാല് ദിവസം മുമ്പ് 5.9 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പുതിയ വകഭേദമായ ഒമിക്രോണും വ്യാപകമാകുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ അമേരിക്കയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. 2021 മെയ് 7ന് 4.14 ലക്ഷം പേര്‍ക്ക് ഡെല്‍റ്റ വകഭേദം ബാധിച്ചിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ വീട്ടിലിരുന്നും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഈ കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. ഇതുംകൂടി പരിഗണിക്കുമ്പോള്‍ വലിയ ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നില്ല എന്നതാണ് അധികൃതരുടെ ആശ്വാസം.

അതേസമയം, മറ്റൊരു ലോക്ഡൗണ്‍ കൂടി ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ രാജ്യം ഗുരുതര പ്രതിസന്ധി നേരിടേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. നേരത്തെ ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം പുറത്തിറങ്ങാമെന്നായിരുന്നു മാനദണ്ഡം. എന്നാല്‍ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം മാതൃകയിലേക്ക് തിരിച്ചുപോകാനും സാധ്യതയുണ്ട്. അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്നതിനനുസരിച്ച് കൊവിഡ് മരണങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നതാണ് ആശ്വാസം. മരണസംഖ്യയും കേസുകളും വരും ആഴ്ചകളില്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും മറ്റു തീരുമാനങ്ങള്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →