
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്റെ മുന്ദ്ര സ്വകാര്യ തുറമുഖം വഴി നടന്ന സഹസ്രകോടികളുടെ മയക്കുമരുന്നുകടത്ത്, ഇ-കോമേഴ്സ് അതികായരായ ആമസോണ്‍ ക മ്പനി ഇന്ത്യയില്‍ വന്‍തോതില്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ എന്നിവ വിവാദമായിരിക്കെ, രണ്ടു വിഷയത്തിലും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ തട്ടകമാണ് ഗുജറാത്ത് എന്നിരിക്കെ, അവിടത്തെ സ്വകാര്യ തുറമുഖം വഴി നടന്ന മയക്കുമരുന്നുകടത്തിനെക്കുറിച്ച് ഇരുവര്‍ക്കും എന്തു പറയാനുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു.
3000 കിലോ വരുന്ന രണ്ടു കണ്ടെയ്നര്‍ ഹെറോയിനാണ് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. 2018-20 കാലയളവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ 8546 കോടി രൂപ കോഴ നല്‍കിയെന്നതാണ് ആമസോണുമായി ബന്ധപ്പെട്ട ആരോപണം.
21,000 കോടിയുടെ ഹെറോയിനാണ് കഴിഞ്ഞ ദിവസം പിടിച്ചതെങ്കില്‍, ആഷി ട്രേഡേഴ്സ് എന്ന കമ്പനിയുടെ കയറ്റിറക്കുമതി ലൈസന്‍സ് ദുരുപയോഗം ചെയ്ത് കഴിഞ്ഞ ജൂണില്‍ അദാനി തുറമുഖം വഴി ഇറക്കിയ അതേ ഉല്പന്നം 25,000 കിലോഗ്രാമാണ്. അതിന്റെ വില 1.75 ലക്ഷം കോടി വരും. ലൈസന്‍സ് ഉടമക്ക് 10 ലക്ഷം രൂപ കമീഷന് നല്‍കിയെന്നാണ് പറയുന്നത്.
ഇത്രയും മയക്കുമരുന്ന് ആരുടേതാണ്, എങ്ങോട്ടു പോയി ഈ ഇടപാട് മോദി-അമിത് ഷാമാരുടെ മൂക്കിനു താഴെ തഴച്ചു വളരുന്നത് എങ്ങനെയാണ് മയക്കുമരുന്ന് മാഫിയക്ക് സംരക്ഷണം നല്കുന്ന രാഷ്ട്രീയക്കാരന് ആരാണ് താലിബാനും അഫ്ഗാനിസ്താനുമായി ബന്ധമുണ്ടെങ്കില്‍, ദേശസുരക്ഷപ്രശ്നം അതിലില്ലേ അദാനി തുറമുഖത്തെക്കുറിച്ച് അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ, ഡി.ആര്.ഐ, ഇ.ഡി, സി.ബി.ഐ, ഐ.ബി എന്നിവയെല്ലാം ഉറങ്ങുകയല്ലെങ്കില്‍, ഇത്രത്തോളം ഭീമമായ അളവില്‍ മയക്കുമരുന്ന് എങ്ങനെ എത്തും സുപ്രീംകോടതി സിറ്റിങ് ജഡ്ജിമാര്‍ ഉള്‍പ്പെട്ട പ്രത്യേക കമീഷന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
ആമസോണ്‍ കമ്പനി മോദിസര്‍ക്കാറിലെ ആര്‍ക്കാണ് കോഴ നല്‍കിയത് അവര്‍ നല്കിയ കോഴ 8546 കോടിയാണെങ്കില്‍, നിയമമന്ത്രാലയത്തിന്റെ വാര്‍ഷിക ബജറ്റ് 1100 കോടി മാത്രമാണ്. ഇത്രയും ഭീമമായ തുക ലീഗല്‍ ഫീസെന്ന പേരില്‍ നീക്കിവെക്കാന്‍ ഒരു കമ്പനിക്ക് എങ്ങനെ കഴിയുന്നു ദേശസുരക്ഷയുടെകൂടി പ്രശ്നം ഇതിലുണ്ട്.
അമേരിക്കയില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ യു.എസ് പ്രസിഡന്റിനോട് മോദി ആവശ്യപ്പെടണം. ഇന്ത്യയില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സുര്‍ജേവാല പറഞ്ഞു.

Follow us on