ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് കൈയാങ്കളി; പ്രമുഖ നേതാക്കള്‍ക്ക്‌ അടി കിട്ടാതെ രക്ഷപ്പെട്ടു

-

തിരുവല്ല>> ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് കൈയാങ്കളി.

എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘട്ടനം അറിഞ്ഞ് പിജെ കുര്യന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തിന് വരാതിരുന്നതിനാല്‍ അടി കിട്ടാതെ രക്ഷപ്പെട്ടു. ഒരു മാസം മുന്‍പ് രതീഷ് പാലിയില്‍ പ്രസിഡന്റായി രൂപീകരിച്ച മണ്ഡലം കമ്മറ്റി ഒരു കാരണവും കൂടാതെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. മണ്ഡലം കമ്മറ്റി പിരിച്ചു വിടുന്നുവെന്നൊരു വാചകം മാത്രമാണ് ഡിസിസി അറിയിച്ചത്.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്ബിലിന്റെ സഹോദരനും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനുമായ എന്‍. ഷൈലാജിന്റെ നിര്‍ബന്ധം മൂലമാണത്രേ രതീഷ് പാലിയിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പിരിച്ചു വിട്ടത്. എന്നിട്ട് ഷൈലാജിന്റെ വിശ്വസ്തനായ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി രൂപീകരിച്ചു. ഇതേച്ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നീരസം നിലനില്‍ക്കുകയായിരുന്നു.

ഈ തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിന് വേണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ആര്‍. ജയകുമാര്‍ ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല വൈഎംസിഎ യില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കടപ്ര, നിരണം മേഖലയില്‍ നിന്ന് ഷൈലാജിന്റെ ഗ്രൂപ്പുകാരായ നിരവധിപ്പേര്‍ യോഗത്തിന് എത്തിയിരുന്നു. ഇവരും രതീഷ് പാലിയിലെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാരും തമ്മിലാണ് കൈയാങ്കളി നടന്നത്.

പിജെ കൂര്യന്‍ യോഗത്തിന് എത്തുമെന്ന് അറിയിച്ചിരുന്നു. വന്നാല്‍, അടി കൊടുക്കുമെന്ന ഭീഷണിയുമായി ഒരു വിഭാഗം നിലയുറപ്പിച്ചു. കുര്യന്റെ വിശ്വസ്തനായ ഈപ്പന്‍ കുര്യനും യോഗത്തിലുണ്ടായിരുന്നു. വന്നാല്‍ അടി കിട്ടാന്‍ സാധ്യതയുണ്ടെന്ന വിവരം ആരോ കുര്യനെ അറിയിച്ചു. ഇതിനിടെ കൈയാങ്കളിയില്‍പ്പെടാതെ ഈപ്പന്‍ കുര്യനും സ്ഥലം വിട്ടു.

സംഘര്‍ഷം കടുത്തതോടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഹാളില്‍ നിന്നും ബലമായി പുറത്താക്കി. തുടര്‍ന്നും ഹാളിനുള്ളില്‍ സംഘര്‍ഷമുണ്ടായി. തിരുവല്ലപൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

ഡിസിസി പ്രസിഡന്റ് സതീഷ് ആണെങ്കിലും ഷൈലാജാണ് ഭരണമെന്നാണ് പൊതുവേയുള്ള ആരോപണം. സുധാകരന്റെ വിശ്വസ്തനെന്ന നിലയില്‍ ഷൈലാജ് പിന്‍സീറ്റ് ഡ്രൈവിങ് നടത്തുന്നുവെന്നാണ് പരാതി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →