LOADING

Type to search

കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്നുകള്‍ പിടികൂടല്‍: അന്വേഷണം ഊര്‍ജ്ജിതമാക്കി എക്സൈസ്സ്

Latest News Local News News

കൊച്ചി>>> കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്നുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എക്സൈസ്സ്. ഇരട്ടപ്പേരുകളില്‍ ലഹരിമരുന്നുകള്‍ കച്ചവടം ചെയ്യുന്ന ആളുകളും സംഘത്തിലുണ്ട്. ഈ സംഘത്തിലെ പ്രധാനികളെ തിരയുകയാണ് പൊലീസ്.

രാജാവ് എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്നു കച്ചവടക്കാരെ അടക്കം തിരയുന്നുണ്ട് പൊലീസ്. രാജാവ്, അക്ക, ടീച്ചര്‍ ഇങ്ങനെയാണ് കേസുമായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ച ഇരട്ടപ്പേരുകള്‍. ഈ ഇരട്ടപ്പേരുകാരില്‍ നിന്നും എക്സൈസ് ക്രൈംബാഞ്ച് സംഘം വിവരങ്ങള്‍ തേടുകയാണ്.

ഇതില്‍ രാജാവിനെയും ടീച്ചറെയും തിരിച്ചറിയുകയും ടീച്ചറെ ചോദ്യം ചെയ്യുകയും ചെയ്തുവെങ്കിലും തമിഴ്നാട് സ്വദേശി ‘അക്ക’ ആരെന്നു കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ‘രാജാവ്’ എന്ന വിളിപ്പേരുകാരന്‍ വയനാട് സ്വദേശിയായ ജിതിന്‍ ആണെന്നും പ്രതികളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്ന ഇയാളാണു കേസിലെ മുഖ്യ സൂത്രധാരനെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.

ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കു ലഹരിമരുന്നു കടത്തിയതിനും വയനാട്ടിലെ വൈത്തിരിയിലും സംസ്ഥാനത്തു മറ്റു ചില സ്ഥലങ്ങളിലും ‘റേവ് പാര്‍ട്ടികള്‍’ സംഘടിപ്പിച്ചതിനും നേതൃത്വം വഹിച്ചത് ഇയാളാണെന്നാണു സംശയം.

‘അക്ക’യാണു ചെന്നൈയില്‍ പ്രതികളുമായി ബന്ധപ്പെട്ടതും എംഡിഎംഎ വാങ്ങാന്‍ ഇടനില നിന്നതും. എന്നാല്‍, കൂടുതല്‍ വ്യക്തത ഇനിയും അന്വേഷണ സംഘത്തിനില്ല. ‘ടീച്ചര്‍’ എന്നു വിളിപ്പേരുള്ള മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയെ ഇതിനോടകം രണ്ടു തവണ ചോദ്യം ചെയ്തു.

പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നു കണ്ടെത്തിയവരെയെല്ലാം ഫോണില്‍ വിളിച്ചു വിവരം ശേഖരിക്കുകയും സംശയാസ്പദ സാഹചര്യത്തിലുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുമാണ് എക്സൈസ്. ഇന്നലെ 4 പേരെ ഇത്തരത്തില്‍ ചോദ്യം ചെയ്തു. ഇവരുടെയും കോള്‍ വിവരങ്ങള്‍ പരിശോധിക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം.കാസിം ജോസഫ് പറഞ്ഞു.

കേസില്‍ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിടുകയും ചെയ്ത കാസര്‍കോട് സ്വദേശി മുഹമ്മദ് ഫൈസലിനെയും വൈകാതെ ചോദ്യം ചെയ്യുമെന്ന് ടി.എം. കാസിം അറിയിച്ചു. ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചത്.

അതേസമയം പ്രതികള്‍ പല തവണ നെട്ടൂര്‍, പനങ്ങാട്, കുമ്ബളം പ്രദേശങ്ങളില്‍ പോയതായി തെളിഞ്ഞിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ യുവാക്കളുടെ ഇടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നതായി വിവരം ലഭിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.

പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ടീച്ചര്‍ക്കാണ് ലഹരിക്കടത്തിനു മറയായി സംഘം ഉപയോഗിച്ച മുന്തിയ ഇനം നായ്ക്കളെ എക്‌സൈസ് കൈമാറിയത്. പിടിയിലായ പ്രതികള്‍ക്കും സിനിമാ മേഖലയിലെ ചിലര്‍ക്കും ഇടയിലെ കണ്ണിയാണു ‘ടീച്ചര്‍’ എന്നുള്ള സംശയം ഉയര്‍ന്നതോടെയാണ് ഇവരെ വീണ്ടും ചോദ്യം ചെയ്തത്.

മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയായ ഇവര്‍ക്കു സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി കൊണ്ടുവന്ന നായ്ക്കളെ മറയാക്കിയായിരുന്നു മയക്കുമരുന്നു കടത്ത് നടന്നത്.

റോട്ട്വീലര്‍, കേന്‍ കോര്‍സോ ഇനങ്ങളില്‍ പെട്ട മൂന്നു നായ്ക്കളെയാണു പ്രതികള്‍ കൊണ്ടു വന്നത്. ഇതില്‍ ഒരു നായയ്ക്ക് ഏകദേശം 80,000 രൂപ വരെ വിലവരും. ഇവയെ പ്രതികള്‍ക്കൊപ്പം തൊണ്ടി മുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏല്‍പിക്കുകയും പിന്നീട് ലേലത്തിലൂടെ വിറ്റു മുതല്‍ക്കൂട്ടുകയും ചെയ്യുന്നതാണ് നടപടിക്രമം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.