കൊച്ചി>>> നേവിയിലെ സ്വപ്ന ജോലിയെന്ന മലപ്പുറം കൈനോട് പിലാക്കല്‍ അമീര്‍ സുഫിയാനിയുടെ (25) വാഗ്ദാനത്തില്‍ ഇരകളായത് രണ്ട് ഡസന്‍ പേര്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 ഓളം പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
കഴിഞ്ഞ ദിവസമാണ് കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമന്‍ഡാന്റ് ചമഞ്ഞ് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സുഫിയാനിയെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.
എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടു പേര് ഉള്‍പ്പെടെയാണ് തട്ടിപ്പിനിരയായത്. 10,?000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പലരില്‍ നിന്നായി വാങ്ങിയായിരുന്നു തട്ടിപ്പ്. അറസ്റ്റിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൂടുതല്‍ പേര് പരാതിയുമായി എത്തിയിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡില്‍ അസി. കമന്‍ഡാന്റ് ആണെന്നും, ഇന്ത്യന്‍ നേവിയിലും, കോസ്റ്റ് ഗാര്‍ഡിലും പരിശീലനകേന്ദ്രങ്ങള്‍ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങിത്തരാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്റേയും സുഹൃത്തിന്റെയും പക്കല്‍ നിന്ന് ആറ് ലക്ഷത്തില്‍പരം രൂപ പ്രതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. എരൂരിലെ ഒരു ഹോട്ടലില്‍ മുറി എടുത്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
26 പേരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് കൂട്ടായ്മയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. കൂടുതല്‍ വിശ്വാസ്വത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോലി ആവശ്യവുമായി എത്തിയവരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജോലി പരിശീലനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനും ജോലി സംബന്ധിച്ചുള്ളവയുമാണ് ഗ്രൂപ്പിലൂടെ അയച്ചു നല്‍കിയിരുന്നത്. തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ കോസ്റ്റ് ഗാര്‍ഡ് അസി.കമ്മാന്ഡന്റിന്റെ യൂണിഫോം ധരിച്ചു നില്ക്കുന്ന ചിത്രങ്ങളും പിസ്റ്റളിന്റെ ഫോട്ടോയും കോസ്റ്റ് ഗാര്‍ഡിന്റെ പേരില്‍ അഡ്മിറ്റ് കാര്‍ഡ് വ്യാജമായി ഉണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തു. പലരും ജോലി തേടുന്ന സുഹൃത്തുകളെ കൂടി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതോടെ കൂടുതല്‍ പേരിലേക്ക് ഇയാള്‍ തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു.
വാട്സ് ആപ്പിലെ അംഗങ്ങളായിട്ടുള്ളവരുടെ വിവരം ശേഖരിച്ച ശേഷം സൈബര്‍ സെല്ലിന്റെ സഹായത്താല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. നമ്ബര്‍ ഉപയോഗിക്കുന്നവരുടെ വിവരം കണ്ടെത്തിയ ശേഷമാവും മറ്റു അന്വേഷത്തിലേക്ക് കടക്കുക. മറ്റിടങ്ങളില്‍ സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ പരാതികള്‍ വരും ദിവസങ്ങളിലെത്തുമെന്നാണ് കരുതുന്നതെന്ന് തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു.
Follow us on