സിയാലില്‍ ‘കൊച്ചിന്‍ ഡ്യൂട്ടിഫ്രീ’യ്ക്കു തുടക്കമായി; ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തിച്ചു തുടങ്ങി

-

നെടുമ്പാശ്ശേരി>> വിദേശത്തുനിന്നും കൊച്ചി അന്തരാഷ്ട്ര വിമാനത്തവാളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഉത്പന്നങ്ങള്‍ മുന്‍കൂട്ടി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ സംരംഭത്തിന് സിയാലില്‍ തുടക്കം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ പി . ആര്‍ . ശ്രീജേഷ് പ്രീഓര്‍ഡറിംഗ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡ്യൂട്ടിഫ്രീയുടെ അറൈവല്‍ സ്റ്റോറിലാണ് നിലവില്‍ പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാവുക . ഷോപ്പില്‍ എത്തിയാല്‍ പ്രത്യേക കൗണ്ടറില്‍ പണം നല്‍കി കസ്റ്റമര്‍ക്ക് ഓര്‍ഡര്‍ ചെയ്ത ഉത്പനങ്ങള്‍ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാം എന്ന് മാത്രമല്ല; പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് കിട്ടുകയും ചെയ്യും. വിദേശത്തുനിന്നെത്തുന്ന കുടുംബങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായ സംരംഭമാണ് പ്രീ ഓര്‍ഡര്‍ സംവിധാനമെന്ന് ശ്രീജേഷ് അഭിപ്രായപ്പെട്ടു. ക്യൂ വേണ്ട എന്നതുകൊണ്ടുതന്നെ സമയം ലാഭിക്കാം . പ്രവാസികള്‍ക്കു പുറമെ വിദേശത്തുനിന്ന് ഇവിടെ ജോലിക്കെത്തുന്നവര്‍ക്കും ആദ്യമായി കൊച്ചിയില്‍ എത്തുന്നവര്‍ക്കും ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഡ്യൂട്ടി ഫ്രീയുടെ പ്രീഓര്‍ഡര്‍ സംവിധാനം ഉറപ്പായും ഉപയോഗപ്പെടുത്തുമെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. സിയാല്‍ മാനേജിംഗ് ഡയറക്ടറും സിയാല്‍ ഡ്യൂട്ടിഫ്രീ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ എസ്. സുഹാസ് ഐഎഎസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നൂതന സംരംഭങ്ങളിലൂടെ യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയുടെ ലക്ഷ്യമെന്ന് സുഹാസ് ചൂണ്ടിക്കാട്ടി. പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു സംരംഭമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cochindutyfree.com വഴി പ്രീ ഓര്‍ഡര്‍ സംവിധാനത്തിലെത്തി ഉത്പന്നങ്ങള്‍ കണ്ടു തിരഞ്ഞെടുക്കാം. ഓഫറുകള്‍, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം.

കൊച്ചിന്‍ ഡ്യൂട്ടിഫ്രീയിലൂടെ ആദ്യ ഉത്പന്നകൈമാറ്റം സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐഎഎസ്, ഒളിമ്പ്യന്‍ ശ്രീജേഷിന് നല്‍കി നിര്‍വ്വഹിക്കുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →