‘ചുരുളി’ വിലയിരുത്തും; കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുന്‍ഗണനയെന്ന് എഡിജിപി

-

തിരുവനന്തപുരം>> കലാകാരന്റെസൃഷ്ടിപരമായ സ്വാതന്ത്യം കൂടി മുന്‍നിര്‍ത്തിയാകും ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് എഡിജിപി കെ പത്മകുമാര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം
സിനിമയില്‍ നിയമപരമല്ലാത്ത ഭാഷാ പ്രയോഗങ്ങളുണ്ടോയെന്നാണ് പരിശോധിക്കുക. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതിയാകും അന്തിമ തീരുമാനമെടുക്കുക. സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ പറഞ്ഞു. ഇന്ന് സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു.

ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയര്‍ത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിര്‍ക്കുന്നവരുടെ പരാതി. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ഡിജിപി മൂന്ന് അംഗ സംഘത്തെ നിയോഗിക്കുക ആയിരുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്നാകും സംഘം പരിശോധിക്കുക. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കുകയും ചെയ്യും. സെന്‍സര്‍ ചെയ്യാത്ത പതിപ്പാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമപ്രകാരം ഒടിടി റിലീസിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ല. തിയേറ്റര്‍ റിലീസിന് അണിയറക്കാര്‍ ശ്രമിക്കുന്നുമില്ല. അത് കൊണ്ട് തന്നെ പൊലീസ് റിപ്പോര്‍ട്ടും കോടതിയുടെ തുടര്‍ നടപടികളും ഏറെ ശ്രദ്ധേയമാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →