പുതുവര്‍ഷം ആഘോഷിക്കാന്‍ ലഹരിയുമായി ഒത്തുകൂടിയത് ഏഴുപേര്‍; പെലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി 22കാരന്‍

കാക്കനാട്>> പുതുവര്‍ഷപാര്‍ട്ടിക്കിടെ ലഹരി പാര്‍ട്ടി നടത്തിയ സംഘം പിടിയില്‍. തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഒരു യുവതി ഉള്‍പ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പൊലീസിനെ കണ്ട് ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍ നിന്നും ചാടിയ യുവാവിന് ഗുരുതര പരിക്ക് പറ്റി. കായംകുളം സ്വദേശി അതുല്‍ (22) ആണ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍നിന്ന് എം.ഡി.എം.എ., ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിനെ കണ്ടാണ് അതുല്‍ ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഫ്‌ളാറ്റിലെ എട്ടാം നിലയിലെ മുറിയില്‍ ലഹരി പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. ഒരു യുവതി ഉള്‍പ്പടെ ഏഴുപേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. ഇതിനിടെയാണ് അതുല്‍ ഫ്‌ളാറ്റിന്റെ ബല്‍ക്കണി വഴി എടുത്തുചാടിയത്.

ഫ്‌ലാറ്റിന്റെ കാര്‍ഷെഡ്ഡിന് മുകളിലേക്കാണ് വീണത്. ഷെഡ്ഡിന്റെ അലുമിനീയം ഷീറ്റ് തുളച്ചാണ് അതുല്‍ നിലത്തുവീണത്. വീഴ്ചയില്‍ കൈക്ക് ഉള്‍പ്പെടെ പരിക്കേറ്റു. ഉടന്‍ പോലീസ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →