ജീവന്‍ തിരിച്ചുപിടിയ്ക്കണമെങ്കില്‍ പത്രോസിന് ഈ നക്ഷത്രങ്ങള്‍ വിറ്റുപോകണം

പെരുമ്പാവൂര്‍>>വിശ്വാസികള്‍ക്ക് സന്തോഷത്തിന്റെ നക്ഷത്രരാവുകള്‍ സമ്മാനിയ്ക്കാനായി പരമ്പരാഗത നക്ഷത്രങ്ങള്‍ ഉണ്ടാക്കുമ്പോഴും ജീവിതം സങ്കടക്കടലിലാണ് അങ്കമാലി ആനപ്പാറ ഫാത്തിമ പള്ളിയ്ക്കു സമീപം താമസിയ്ക്കുന്ന പുതുവ പത്രോസിന്.

ഈറ്റയും ചൈന പേപ്പറുമുപയോഗിച്ച് പത്രോസ് ഒട്ടിച്ചെടുക്കുന്നത് ജീവന്റെ വിലയുള്ള നക്ഷത്രങ്ങളാണ്. 9 വര്‍ഷമായി വൃക്കരോഗം പൗലോസിന്റെ സന്തതസഹചാരിയായിട്ട്. രോഗം മൂര്‍ച്ഛിയ്ക്കുബോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാകേണ്ട ഗതികേട്. ആനപ്പാറ പള്ളിയിലെ കപ്യാരുപണി ഉപേക്ഷിയ്‌ക്കേണ്ടിവന്നതും രോഗം കാരണം. ഒരുകാലത്ത് നാട്ടിലെ നല്ലൊരു ഇലക്ട്രീഷ്യനായിരുന്നു. നല്ലൊരു നാടകകലാകാരന്‍ കൂടിയായ പത്രോസിനു കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ള ഒരു നാടകസമിതി സ്വന്തമായുണ്ടായിരുന്നതാണ്.

എല്‍റോയ് കമ്മ്യുണിക്കേഷന്‍ എന്ന സമിതി രംഗത്തവതരിപ്പിച്ച വിശുദ്ധ സെബാസ്ത്യാനോസ് എന്ന നാടകം സഭാവിശ്വാസികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയുമുണ്ടായി. അക്ഷരമുറ്റത്ത് ഇത്തിരിനേരം എന്ന നാടകത്തിന്റെ പണിപ്പുരയിലായിരുന്നുവെങ്കിലും രോഗം കലശലായ സമയത്ത് പാതിവഴിയില്‍ ഉപേക്ഷിച്ചു.

നാടകങ്ങളുടെയെല്ലാം കഥാരചന പത്രോസിന്റെ സ്വന്തം. എല്ലാവഴികളും അടഞ്ഞവേളയിലാണ് ഡയാലിസിസിനുള്ള പണം കണ്ടെത്താന്‍ ക്രിസ്തുമസ്സ് കാലങ്ങളില്‍ വീട്ടിലിരുന്ന് നക്ഷത്രങ്ങള്‍
നിര്‍മ്മിയ്ക്കാന്‍ തുടങ്ങിയത്. ഓരോ ക്രിസ്തുമസ് സീസണിലും ലഭിയ്ക്കുന്ന പണം
അടുത്ത സീസണ്‍ വരെ ജീവിതക്കരുതലായി മാറും. എറണാകുളം ലിസി ആശുപത്രിയിലെ വൃക്കരോഗവിദഗ്ദ്ധന്‍ ഡോ. ബാബു ഫ്രാന്‍സിസിന്റെ ചികിത്സയും ആലുവ താലൂക്കാശുപത്രിയില്‍ ഡയാലിസിസും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഇപ്പോള്‍ നക്ഷത്രങ്ങള്‍ ഉണ്ടാക്കുന്ന തിരക്കില്‍ മനസ്സ് അല്പമെങ്കിലും സന്തോഷത്തിലാണ്. നക്ഷത്രങ്ങള്‍ക്കാവശ്യമായ ഈറ്റയും വര്‍ണ്ണ പേപ്പറുകളും സുഹൃത്തുക്കള്‍ എത്തിച്ചു നല്‍കും. ക്രിസ്തുമസ്സ് കാലമായാല്‍ നാട്ടിലറിയാവുന്നവര്‍ പത്രോസിനെ തേടിച്ചെല്ലും, നക്ഷത്രങ്ങള്‍ക്കായി. നക്ഷത്രങ്ങളുടെ വലുപ്പമനുസരിച്ചാണ് വില.
3 അടിയുള്ളത്തിന് 300 രൂപ. സുമനസ്സുകളായവര്‍ക്ക് ഒരു നക്ഷത്രം വാങ്ങി പത്രോസിനെ സഹായിക്കാം, ആവശ്യമുള്ളവര്‍ വിളിക്കുക: 9446741902

പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച നക്ഷത്രങ്ങളുമായി അങ്കമാലി ആനപ്പാറ, പുതുവ പത്രോസ്

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →