രോഗികളെ മെറ്റല്‍ ബോക്സുകളില്‍ പൂട്ടിയിട്ട് ചൈന;ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ അതി കഠിനമാക്കി ചൈനീസ് സര്‍ക്കാര്‍

-

ബീജിംഗ്>> കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ അതി കഠിനമാക്കി ചൈനീസ് സര്‍ക്കാര്‍.

നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകള്‍ക്ക് പകരം മെറ്റല്‍ ബോക്സുകളില്‍ താമസിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത്തരത്തില്‍ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളില്‍ കൊണ്ട് പോകുന്ന വീഡിയോകളും വൈറലാവുകയാണ്.

2019ല്‍ ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച കൊവിഡ് ഇന്ന് ലോകമൊട്ടാകെ നാശം വിതച്ച് മുന്നേറുകയാണ്. ചൈനയിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ദ്ധിക്കുന്നു. അടുത്ത മാസം രാജ്യത്ത് നടക്കാനിരിക്കുന്ന ശീതകാല ഒളിമ്ബിക്‌സും സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ പിന്തുടരുന്ന ഡൈനാമിക് സീറോ എന്ന ഫോര്‍മുല പ്രകാരം കര്‍ശന ലോക്ഡൗണ്‍, അടിയന്തര കൂട്ട പരിശോധന എന്നീ മാര്‍ഗങ്ങളും രാജ്യത്ത് തുടരുന്നുണ്ട്.

ഗര്‍ഭിണികളും കുട്ടികളും, പ്രായമായവരുമടക്കം നിര്‍ബന്ധമായും പുതിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കണം. രണ്ടാഴ്ചയാണ് ക്വാറന്റൈന്‍ കാലയളവ്. ഓരോ ബോക്‌സിനകത്തും തടിക്കട്ടിലുകളും ടോയ്ലറ്റുമുണ്ടാകും. പ്രദേശത്തെ ആരെങ്കിലും ഒരാള്‍ രോഗബാധിതനായാല്‍ അവിടത്തെ എല്ലാ നിവാസികളും പുതിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറണം. രോഗികളെയും രോഗലക്ഷണമുള്ളവരെയും അധികൃതര്‍ ആപ്പുകളുടെ സഹായത്തോടെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു.

20 ദശലക്ഷത്തോളം ആളുകള്‍ ചൈനയില്‍ വീടുകളില്‍ തന്നെ ബന്ധനാവസ്ഥയിലെന്ന പോലെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. എന്നാല്‍ അടുത്തിടെ കര്‍ശന ലോക്ഡൗണിനെത്തുടര്‍ന്ന് ഒരു യുവതിയുടെ ഗര്‍ഭം അലസിയത് ചൈനയില്‍ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ക്വാറന്റൈന്‍ മാര്‍ഗങ്ങള്‍ അവലംബിച്ചിരിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →