സംസ്ഥാനം വിട്ടെന്ന പ്രചാരണത്തിനിടെ പൊലീസിനെ വെട്ടിച്ച് വ്യാജ അഭിഭാഷക കോടതിയില്‍; ജാമ്യം കിട്ടില്ലെന്ന് മനസിലായതോടെ മുങ്ങി

രാജി ഇ ആർ -

ആലപ്പുഴ>>> കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സെസി സേവ്യര്‍ കോടതിയില്‍ എത്തിയത്. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നറിഞ്ഞതോടെയാണ് ശരവേഗത്തില്‍ സെസി മുങ്ങിയത്.

തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമാണ്. സുഹൃത്തുക്കളായ അഭിഭാഷകരാണ് യുവതിയെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം.

പ്രതി സംസ്ഥാനം വിട്ടെന്ന പ്രചാരണത്തിനിടെയാണ് പൊലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങിയത്. നിയമബിരുദമില്ലാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചാണ് രണ്ടര വര്‍ഷം വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തത്.

സെസിക്ക് മതിയായ യോഗ്യതയില്ലെന്നുള്ള അജ്ഞാതന്റെ കത്ത് കിട്ടിയപ്പോഴാണ് ബാര്‍ അസോസിയേഷന്‍ ഇവരെ കുറിച്ച് അന്വേഷിച്ചത്. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഒരാള്‍ക്ക് ബാര്‍ അസോസിയേഷനില്‍ അംഗത്വം നല്‍കുന്നതിന് മുമ്ബ് സര്‍ട്ടിഫിക്കറ്റും എന്റോള്‍ ചെയ്ത നമ്പരും പരിശോധിക്കാറുണ്ട്.

സെസിക്ക് അംഗത്വം നല്‍കിയതും അങ്ങനെ തന്നെയാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇക്കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ലോയേഴ്സ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെസി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. സി പി എം – സി പി ഐ സംഘടനകള്‍ തമ്മിലെ ചേരിപ്പോരും ഇവര്‍ക്ക് തുണയായി.