കയറ്റുമതിയിലും ഇറക്കുമതിയിലും വര്‍ധന: വ്യാപാര കമ്മി നവംബറിനേക്കാള്‍ കുറഞ്ഞു

-

ദില്ലി>> ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് 2021 ഡിസംബറില്‍ കയറ്റി അയച്ചത് 37.8 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍. 2020 ഡിസംബര്‍ മാസത്തില്‍ 27.22 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. 39 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഒരു വര്‍ഷത്തിനിടെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. കൊവിഡിന്റെ പിടിയിലായിരുന്നു 2020 ഡിസംബര്‍ മാസത്തിലെ വ്യാപാരമെന്നതിനാല്‍ ഇപ്പോഴത്തേത് മികച്ചൊരു വളര്‍ച്ചയായി അടയാളപ്പെടുത്താന്‍ കഴിയില്ല.

അതേസമയം ഇറക്കുമതിയും കുതിച്ചുയര്‍ന്നിട്ടുണ്ട്. 2020 ഡിസംബറിനെ അപേക്ഷിച്ച് 38.6 ശതമാനമാണ് വളര്‍ച്ച. 59.48 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ മാസം ഉണ്ടായത്. 2020 ഡിസംബര്‍ മാസത്തില്‍ 42.93 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി 21.7 ബില്യണ്‍ ഡോളറായി. നവംബറില്‍ 22.91 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നടപ്പ് സാമ്പത്തിക വര്‍ഷത്തെ വ്യാപാര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കയറ്റുമതിയില്‍ 49.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഒന്‍പത് മാസം കൊണ്ട് 301.3 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. എന്നാല്‍ കയറ്റുമതിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചയാണ് ഇറക്കുമതിയില്‍ ഉണ്ടായത്, 68 ശതമാനം. 443.82 ബില്യണ്‍ ഡോളറിന്റേതാണ് ഒന്‍പത് മാസത്തെ ഇറക്കുമതി.

ഡിസംബറിലെ വിലക്കയറ്റം

ഡിസംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിരക്കായ 5.59 ശതമാനത്തിലേക്ക് കുതിച്ചു. ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2021 നവംബറിലെ 4.91 ശതമാനത്തേക്കാള്‍ 68 ബേസിസ് പോയിന്റ് കൂടുതലാണ്. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ശരാശരി 5.1 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →