ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി, കിട്ടിയ നമ്പറില്‍ വിളിച്ച യുവാവിനു നഷ്ടപ്പെട്ടത് 70000 രൂപ

കൊച്ചി>>ഇന്റര്‍നെറ്റില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി, കിട്ടിയ നമ്പറില്‍ വിളിച്ച യുവാവിനു നഷ്ടപ്പെട്ടത് 70000 രൂപ. കൃത്യസമയത്ത് റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്റെ ഇടപെടല്‍ മൂലം പണം തിരിച്ചു കിട്ടാന്‍ നടപടിയായി. പ്രമുഖ ബാങ്കില്‍ അകൗണ്ട് ഉള്ളയാളാണ് കിഴക്കമ്പലം സ്വദേശിയായ യുവാവ്. ഒരു ട്രാന്‍സാക്ഷന്‍ നടത്തിയിട്ട് ശരിയാകാത്തതു കാരണം ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനാണ് ഇദ്ദേഹം ഇന്റര്‍നെറ്റില്‍ നമ്പര്‍ പരതിയത്. ബാങ്കിന്റെ പേരില്‍ കിട്ടിയ നമ്പറാകട്ടെ ഒണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റേതായിരുന്നു. ഇത് അറിയാതെ യുവാവ് വിളിച്ചപ്പോള്‍ തട്ടിപ്പ് സംഘം ബാങ്കിന്റെ അധികൃതരാണെന്ന രീതിയാലാണ് സംസാരിച്ചത്. അവര്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തതതോടെ യുവാവിന്റെ മൊബൈല്‍ ഫോണിലുള്ള വിവരങ്ങളും, സ്‌ക്രീനില്‍ വരുന്ന കാര്യങ്ങളും തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തി. ഉടനെ തന്നെ യുവാവിന്റെ ക്രഡിറ്റ് കാര്‍ഡിലുണ്ടായിരുന്ന 70000 രൂപ നഷ്ടമായി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കി. എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെട്ടെന്നു തന്നെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ചപ്പോള്‍ തട്ടിപ്പുസംഘം ഈ പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ നിന്നും ഒരു ലാപ് ടോപ്പും, ഒരു മൊബൈല്‍ ഫോണും പര്‍ച്ചേസ് ചെയ്തതായി കണ്ടെത്തി. പെട്ടെന്ന് തന്നെ ഈ പര്‍ചെയ്‌സ് മരവിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു. പണം യുവാവിന്റെ അക്കൗണ്ടിലെത്തിക്കാനുള്ള നടപടിയും സ്വീകരിച്ചു. ഇന്‍സ്‌പെക്ടര്‍ എം.ബി ലത്തീഫ്, എസ്.ഐ എം.ജെ.ഷാജി, സി.പി.ഒ മാരായ വികാസ് മണി, പി.എ.റഫീക്ക്, ജറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇന്റര്‍നെറ്റില്‍ ബാങ്കിന്റെയും മറ്റും നമ്പറുകള്‍ പരതി, അതില്‍ നിന്ന് ലഭിക്കുന്ന നമ്പറുകളില്‍ വിളിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എസ്.പി കാര്‍ത്തിക്ക് പറഞ്ഞു. ഇങ്ങനെ വിളിക്കുമ്പോള്‍ പലപ്പോഴും എത്തിച്ചേരുക തട്ടിപ്പുസംഘത്തിന്റെ അടുത്തായിരിക്കും. അവര്‍ പറയുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴും, വിവരങ്ങള്‍ കൈമാറുമ്പോഴും പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിധേയരാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും എസ്.പി മുന്നറിയിപ്പു നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →