ലഹരിമരുന്ന് ചേര്‍ത്ത് കേക്ക് ഉണ്ടാക്കി വിറ്റു; മുംബൈയില്‍ മന:ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

ന്യൂസ് ഡെസ്ക്ക് -

ലഹരിമരുന്ന് ചേര്‍ത്ത് ബ്രൗണിയും കേക്കും ഉണ്ടാക്കി വിറ്റ മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. തിങ്കളാഴ്ച്ച സൗത്ത് മുംബൈയിലെ ബേക്കറിയില്‍ നാര്‍കോടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് അടങ്ങിയ കേക്ക് കണ്ടെത്തിയത്. ഇടപാടുകാര്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മിക്കുന്നതായിരുന്നു കേക്ക്.

പരിശോധനയില്‍ പത്ത് കിലോഗ്രാം ഹാഷിഷ് ബ്രൗണി കേക്കും കണ്ടെത്തിയിരുന്നു. ഹാഷിഷ് ചേര്‍ത്ത് നിര്‍മിച്ച പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കിവെച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനശാസ്ത്രജ്ഞനായ റഹ്‌മീന്‍ ചരണിയ(25) പിടിയിലായത്. സൗത്ത് മുംബൈയിലെ പ്രമുഖ ആശുപത്രിയില്‍ മനശാസ്ത്രജ്ഞനാണ് ഇയാള്‍. ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. ബേക്കറിയോട് ചേര്‍ന്ന് തന്നെയായിരുന്നു ഇയാളുടെ വീടും.

റെയിന്‍ ബോ കേക്ക് എന്ന പേരിലാണ് ഇയാള്‍ കേക്ക് വിറ്റിരുന്നത്. വിവിധ ലഹരി വസ്തുക്കള്‍ ചേര്‍ത്ത് വ്യത്യസ്ത തരം കേക്കാണ് ഇയാള്‍ വിറ്റുകൊണ്ടിരുന്നത്. ഹാഷിഷ്, കഞ്ചാവ്, ചരസ് എന്നിവ ഉപയോഗിച്ചായിരുന്നു കേക്ക് നിര്‍മാണം. കോളേജ് കാലം മുതല്‍ ലഹരി മരുന്ന് ഇടപാടില്‍ ഇയാള്‍ സജീവമായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇയാളുടെ വീട്ടില്‍ നിന്ന് 350 ഗ്രാം ഒപിയവും 1.7 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ലഹരി മരുന്നുമായി ബന്ധപ്പെട്ട സീരീസ് കണ്ടതില്‍ നിന്നാണ് ഇത്തരം കേക്ക് നിര്‍മാണത്തെ കുറിച്ചുള്ള ആശയം ലഭിച്ചതെന്നാണ് റഹ്‌മീന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇടപാടുകാരില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതിനു ശേഷമാണ് കേക്ക് നിര്‍മാണം. കേക്ക് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതും റഹ്‌മീന്‍ തന്നെയാണ്.

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഇയാള്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ചു നല്‍കിയ മുംബൈ സ്വദേശിയായ മറ്റൊരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. റംസാന്‍ ഷെയ്ഖ്(40) എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 50 ഗ്രാം ഹാഷിഷും കണ്ടെത്തി.

കഴിഞ്ഞ മാസവും ലഹരി മരുന്ന് ചേര്‍ത്ത കേക്ക് നിര്‍മിച്ച സംഭവത്തില്‍ എന്‍സിബി അറസ്റ്റ് ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →