
പെരുമ്പാവൂര്‍>>>കുറുപ്പംപടി ഇലട്രിക്കല്‍ മേജര്‍ സെക്ഷന്‍ കീഴില്‍ വരുന്ന അശമന്നൂര്‍ പഞ്ചായത്തിലെ നൂലേലി കോളനി ട്രാന്‍സ്ഫോമറില്‍ നിന്ന് ഓടക്കാലി ജിയോ ടവര്‍ ലൈനിലേക്ക് വരുന്ന ഭാഗത്തെ വൈദ്യുതി വിതരണം കേബിള്‍ വഴിയാക്കുന്നതിന് വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് കേബിള്‍ പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ ചാര്‍ജ്ജ് ചെയ്യാത്തതില്‍ ഉപഭോക്താക്കള്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു.
1975 കാലഘട്ടത്തിലെ അശമന്നൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വൈദ്യുത ലൈനുകളില്പ്പെട്ടതാണ് ഇത്. കാടുകള്‍ നിറഞ്ഞതും മനുഷ്യ വാസമില്ലാത്തതുമായ ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന ലൈനില്‍ ചെറിയൊരു മഴയോ കാറ്റോ ഉണ്ടായാല്‍ കമ്പികള്‍ കൂട്ടിയടിച്ച് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് ഇവിടെ പതിവാണ്. ഇതിനൊരു പരിഹാരമായി ലൈനിന്റെ മുഴുവന്‍ ഭാഗത്തും കേബിള്‍ ആവശ്യമാണെങ്കിലും നിലവില്‍ പകുതി ഭാഗത്ത് മാത്രമേ കേബിള്‍ പണികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളൂ.
ലൈനിലെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം കാണണമെങ്കില്‍ ലൈനില്‍ പൂര്‍ണ്ണമായും കേബിള്‍ സംവിധാനം വേണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ കേബിള്‍ പണികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള കാടുകള്‍ നിറഞ്ഞതും ജനവാസമില്ലാത്തതുമായ പ്രദേശത്തെ ലൈന്‍ ചാര്‍ജ്ജ് ചെയ്താല്‍ അത് ഉപഭോക്താക്കള്‍ക്ക് വലിയ സഹായകമാകുമെന്ന് വാര്‍ഡ് മെമ്പര്‍ സുബൈദ പരീത് പറഞ്ഞു.

Follow us on