ബ്രിട്ടോയും പിടിയും മരിച്ചു പക്ഷേ സത്യത്തിനു മരണമില്ല;അറിയേണ്ട ചരിത്ര സത്യം

-

കൊച്ചി>>പി ടി തോമസിന്റെ മരണത്തില്‍ കേരളം അനുശോചനം രേഖപ്പെടുത്തുമ്പോഴും സിപിഎം കേന്ദ്രങ്ങള്‍ അദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുകയായിരുന്നു.

മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയെ കുത്തി ശയ്യാവലംബിയാക്കിയതിന് പിന്നില്‍ പി ടി തോമസ് ആയിരുന്നു എന്നാണ് സൈബര്‍ ലോകത്ത് പ്രചരിച്ച കഥ. ഇതിന് ഊര്‍ജ്ജമേകിയത് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയായ സീനയുടെ തുറന്നുപറച്ചിലായിരുന്നു. സീന പല സമയങ്ങളിലും ബ്രിട്ടോയുടെ അവസ്ഥക്ക് കാരണം പി ടി തോമസ് ആണെന്ന ആരോപണം ഉയര്‍ത്തിയിരുന്നു. പി ടി മരിച്ചപ്പോഴും സീന തന്റെ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ സത്യം അതല്ലെന്ന് വ്യക്തമാക്കുകയാണ് അക്കാലത്ത് മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ബ്രിട്ടോക്ക് കുത്തേല്‍ക്കുന്ന സമയത്തിന് തൊട്ട് മുമ്പ്‌വരെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആളുമായ സാബു തൊഴുപ്പാടന്‍ പറയുന്നത്.

എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റ് എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിയോ മാത്യുവിനെ ആക്രമിക്കാന്‍ ചെന്നപ്പോഴാണ് സൈമണ്‍ ബ്രിട്ടോക്ക് കുത്തേറ്റത്. അക്കാലത്ത് സൈമണ്‍ ബ്രിട്ടോ മഹാരാജാസില്‍ പഠിക്കുന്ന ആളല്ലെന്നും സാബു പറയുന്നു. ജിയോ മാത്യുവിനെ ആക്രമിക്കാനെത്തിയപ്പോള്‍ സ്വരക്ഷക്കായി സൈമണ്‍ ബ്രിട്ടോയുടെ കയ്യില്‍ നിന്നും കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നു. പൊലീസ് കേസും അങ്ങനെ തന്നെയാണെന്നും സാബു ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തില്‍ ഗൂഢാലോചനയും ഒരു മണ്ണാങ്കട്ടയുമില്ലെന്നും സാബു ചൂണ്ടിക്കാട്ടുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് ജിയോ മാത്യുവിന്റെ ജീവിതവും മാറിമറിഞ്ഞെന്നും സാബു പറയുന്നു. എസ് ഐ സെലക്ഷന്‍ കിട്ടിയിരുന്ന ജിയോ മാത്യുവിന് ആ ജോലി നഷ്ടമായി. അല്ലെങ്കില്‍ എസ്പിയായി ഐപിഎസ് റാങ്കില്‍ റിട്ടയര്‍ ചെയ്യേണ്ടവനായിരുന്നു ജിയോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി. ഇതിനിടയിലേക്കു പാവം പിടിയെ കൊണ്ടുവരുന്നതിനു പലര്‍ക്കും പല ലക്ഷ്യങ്ങളുണ്ടാകും – സാബു തന്റെ കുറിപ്പില്‍ പറയുന്നു.

സാബുവിന്റെ കുറിപ്പ് ഇങ്ങനെ..

വേണ്ടിയിരുന്നില്ല സീന. പറയാതിരിക്കാനാകുന്നില്ല.ബ്രിട്ടോ ചക്രക്കസേരയിലേറിയതിനു കാരണം കര്‍മ്മഫലം മാത്രമാണ്. P.T.ക്ക് അതില്‍ റോള്‍ ഒന്നുമില്ല. പ്രാണരക്ഷാര്‍ഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിനു P.T . എന്തു പിഴച്ചു കുത്തു നടക്കുന്നതിനു തൊട്ടു 7 മിനിട്ട് മുമ്ബ് ജിയോ മാത്യു കിടന്നിരുന്ന EKM Govt. ആശുപത്രിയിലെ മുറിയില്‍ ഞാനുമുണ്ടായിരുന്നു. തലേന്ന് മഹാരാജാസില്‍ വച്ച് SFIക്കാര്‍ സംഘം ചേര്‍ന്നു ആക്രമിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ജിയോയെ സന്ദര്‍ശിച്ചതാണ്. ഞാന്‍ ചെല്ലുമ്‌ബോള്‍ ജിയോയുടെ സുഹൃത്തു മായയും ( MA മലയാളം വിദ്യാര്‍ത്ഥിനി. പിന്നീട് ഇരുവരും വിവാഹിതരായി) ഉണ്ടായിരുന്നു.

ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി KPCC ജംക്ഷനിലേക്കു നടക്കുമ്‌ബോള്‍ രമേഷ് വര്‍മ്മ, അനില്‍, തുടങ്ങിയ മഹാരാജാസിലെ SFI നേതാക്കളും ബ്രിട്ടോയും സംഘവും മഹാരാജാസിലെ Politics Dept. ലേക്കു ഉണ്ടായിരുന്ന ഗേറ്റില്‍ ( അത് ഇപ്പോള്‍ ഇല്ല ) നില്‍ക്കുന്നുണ്ടായിരുന്നു. ബ്രിട്ടോ ഒരിക്കലും മഹാരാജാസില്‍ പഠിച്ചിട്ടില്ല എന്നതു ഒരു കാര്യം. അക്കാലത്തു ഏതു കോളേജിലെ വിദ്യാര്‍ത്ഥി ആയിരുന്നു എന്ന് എനിക്കറിയില്ല. എങ്കിലും മിക്കവാറും മഹാരാജാസില്‍ കാണും .ഞാന്‍ നടന്നു KPCC ജംങ്ഷനില്‍ എത്തുമ്‌ബോഴേക്കും ബ്രിട്ടോക്കു കുത്തേറ്റു. ബ്രിട്ടോയുടെ നേതൃത്വത്തില്‍ ജിയോയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജിയോ ഗുസ്തിക്കാരുടെ കൈ പൂട്ടില്‍ കുരുക്കി പ്രാണരക്ഷാര്‍ഥം ബ്രിട്ടോയെ കുത്തിയത്. അതില്‍ ഗൂഡാലോചനയും മണ്ണാങ്കട്ടയും ഒന്നുമില്ല.

മായയുടെ സാന്നിദ്ധ്യത്തില്‍ കരുതിക്കൂട്ടി ആക്രമണം നടത്താന്‍ മുതിരുമോ എന്നൊരു ചോദ്യം ഉണ്ട് എന്തായാലും കേരള യൂണിവേഴ്‌സിറ്റിയുടെ ഗുസ്തി ചാമ്ബ്യനും ഹെവി വെയ്റ്റ് ലിഫ്റ്റിങ് ചാമ്ബ്യനും 6 അടിക്കു മേല്‍ ഉയരവും അതിനൊത്ത ശരീരവും ഉള്ള ജിയോയെ ആക്രമിക്കാന്‍ പോകുമ്‌ബോള്‍ ബ്രിട്ടോ ഒന്നോര്‍ക്കേണ്ട കാര്യമുണ്ടായിരുന്നു. അടി കൊടുക്കാന്‍ മാത്രമുള്ളതല്ല. ചിലപ്പോള്‍ വാങ്ങാനും ഉള്ളതാണ്. ബ്രിട്ടോയുടെ കൈയ്യിലെ കത്തി പിടിച്ചു വാങ്ങി കുത്തി എന്നാണു പോലീസ് കേസ്. ജിയോ ശാന്തശീലനും നിരുപദ്രവകാരിയും ആണെന്നുള്ളതാണു സത്യം.

പിന്നീട് ഞാന്‍ ജിയോയെ കാണുന്നതു 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പ്രാണരക്ഷാര്‍ഥം എല്ലാത്തില്‍ നിന്നും ഒളിച്ചോടി.ഒരര്‍ത്ഥത്തില്‍ ജീവിതവും സ്വപ്നങ്ങളും കൈക്കുടന്നയിലെ വെള്ളം പോലെ ചോര്‍ന്നു പോകുന്ന കാഴ്ച കാണേണ്ടി വന്നവന്‍. S.l. സെലക്ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചവന്‍ ഇന്ന് S. P. റാങ്കില്‍ IPS ആയി റിട്ടയര്‍ ചെയ്യുമായിരുന്നു. അക്കാലത്തെ എന്റെ സഹപാഠികളില്‍ 2 പേര്‍ IPS കാരായി.കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി . ഇതിനിടയിലേക്കു പാവം P.T . യെ കൊണ്ടുവരുന്നതിനു പലര്‍ക്കും പല ലക്ഷ്യങ്ങളുണ്ടാകും. ജിയോ മാത്യുവിനെ കോടതി വെറുതെ വിട്ടതും സര്‍വ്വരും ഓര്‍ക്കണം. ബ്രിട്ടോയും P.T.യും മരിച്ചു പക്ഷേ സത്യത്തിനു മരണമില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →