കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം; പതിഞ്ഞത് വിഴിഞ്ഞത്ത് സ്ഥാപിച്ച ഹൈഡ്രോ ഫോണില്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. കേരളതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തി.

വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണ്‍ വഴിയാണ് ശബ്ദം പതിഞ്ഞത്. കേരള തീരത്ത് നീല തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതല്‍ ഗവേഷണ- നിരീക്ഷണങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്.

കൂട്ടംകൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ എന്നിയ്ക്കുള്‍പ്പെടെയുള്ള ആശയവിനിമയത്തിനുള്ളതാണ് ഈ ശബ്ദം ഉപയോഗിക്കുക. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മാസങ്ങളായി തുടര്‍ന്ന ഗവേഷണ പദ്ധതിയില്‍ വിജയം കണ്ടത്. സമുദ്ര ജീവശാസ്ത്രജ്ഞനും തലസ്ഥാന തീരദേശവാസിയുമായ കുമാര്‍ സഹായരാജുവിന്റെ സാഹയവും ഇവര്‍ക്ക് ലഭിച്ചു.

മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മാര്‍ച്ചില്‍ ആണ് ഹൈഡ്രോ ഫോണ്‍ സ്ഥാപിച്ചത്. ജൂണില്‍ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.