ബ്ലാവന പാലം : കേന്ദ്ര അനുമതി ലഭ്യമാക്കുന്നതിനും, മണ്ണ് പരിശോധനയ്ക്കുള്ള നടപടികളുംപുരോഗമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

web-desk -

കോതമംഗലം>>> കുട്ടമ്പുഴ പഞ്ചായത്തില്‍ ബ്ലാവനയില്‍ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര അനുമതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കി.

കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ ബ്ലാവനയിലെ പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച ആന്റണി ജോണ്‍ എം എല്‍ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തലവച്ചപാറ,കുഞ്ചിപ്പാറ,മീന്‍കുളം,മാപ്പിളപ്പാറ,മാണിക്കുടി തുടങ്ങിയ ആദിവാസി ഊരുകളിലായി ആയിരത്തി അഞ്ഞൂറിലധികം വരുന്ന കുടുംബങ്ങളും,കുടിയേറ്റ പ്രദേശമായ കല്ലേലിമേട്ടില്‍ മൂന്നുറിലധികം കുടുംബങ്ങളും അധിവസിക്കുന്നുണ്ടെന്നും മേല്‍ പ്രദേശങ്ങളിലേക്ക് നിലവില്‍ കടത്ത് കടന്നു മാത്രമേ പോകുവാന്‍ കഴിയൂ എന്നും മഴക്കാലമായാല്‍ ഇവിടെ കടത്ത് ഇല്ലാത്തതും എം എല്‍ എ സഭയുടെ ശ്രദ്ധയില്‍പെടുത്തി.

പ്രദേശവാസികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വനം വകുപ്പുമായി ചേര്‍ന്ന് അടിയന്തിരമായി ബ്ലാവനയില്‍ പാലം നിര്‍മ്മിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു

.ബ്ലാവന കല്ലേലിമേട് എന്നിവ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര വന സംരക്ഷണ നിയമം 1980 പ്രകാരം കേന്ദ്രത്തിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ മിനിസ്ട്രി ഓഫ് എണ്‍വിയോണ്‍മെന്റ് ആന്റ് ഫോറസ്റ്റ് വെബ് സൈറ്റില്‍ സമര്‍പ്പിക്കുകയും,ബന്ധപ്പെട്ട അതോറിറ്റി പ്രസ്തുത അപേക്ഷ സൂഷ്മ പരിശോധന നടത്തുകയും,ചില തിരുത്തലുകള്‍ ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ പുനര്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

കൂടാതെ പ്രസ്തുത പാലം നിര്‍മ്മാണത്തിനായി മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും,പാലം നിര്‍മ്മാണത്തിന് കേന്ദ്ര അനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ആന്റണി ജോണ്‍ എം എല്‍ എ യെ നിയമസഭയില്‍ അറിയിച്ചു.