മൂന്നര കോടി തന്റേതല്ല, കുഴല്‍പ്പണമായതിനാല്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് നേതാക്കള്‍ പറഞ്ഞു; ബി ജെ പിയെ വെട്ടിലാക്കി ധര്‍മ്മരാജന്റെ മൊഴി

രാജി ഇ ആർ -

തൃശൂര്‍: കൊടകര കേസില്‍ ബി ജെ പിയെ വെട്ടിലാക്കി പണം കൊണ്ടുവന്ന ധര്‍മ്മരാജന്റെ മൊഴി. മൂന്നര കോടി തന്റേതല്ലെന്നും, ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടു വന്ന പണമാണതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

പണം തന്റേതാണെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയത് പരപ്രേരണ മൂലമാണെന്നും അദ്ദേഹം മൊഴി നല്‍കി. പണം നഷ്ടപ്പെട്ടത് പരാതിപ്പെട്ടാല്‍ കുടുങ്ങുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു. കുഴല്‍പ്പണമായതിനാലും, പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകാതിരിക്കാനും പരാതി വേണ്ടെന്നുവച്ചതാണെന്നാണ് ധര്‍മ്മരാജന്‍ പറയുന്നത്.

പണം നഷ്ടപ്പെട്ട കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. വിശ്വാസം വരുന്നില്ലെന്ന് പറഞ്ഞ് സുരേന്ദ്രന്‍ ഫോണ്‍വച്ചതായി ധര്‍മ്മരാജന്‍ മൊഴി നല്‍കി.