ബിജെപിയുടെ എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ‘എക്‌സിറ്റ്’ അടിച്ച് കേന്ദ്രമന്ത്രി

-

കൊല്‍ക്കത്ത>>കേന്ദ്രമന്ത്രിയുടെ ബിജെപിയുടെ ബംഗാളിലെ നേതാവുമായ ശന്താനു താക്കൂര്‍ പാര്‍ട്ടിയുടെ എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്ത് കടന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയാണ് ശന്താനു താക്കൂര്‍. ബംഗാളിലെ പ്രമുഖ വിഭാഗമായ മതുവ അംഗമാണ് ഇദ്ദേഹം.

അതേ സമയം ഗ്രൂപ്പുകളില്‍ നിന്നും പുറത്തുവന്നത് മന്ത്രി സ്ഥിരീകരിച്ചു. തന്റെ വിഭാഗമായ മതുവയ്ക്ക് ഒരു പ്രധാന്യവും ബിജെപി നേതൃത്വം സംഘടനയില്‍ നല്‍കാത്തതിനാലാണ് ഗ്രൂപ്പുകള്‍ ഉപേക്ഷിച്ചത് എന്നാണ് താക്കൂര്‍ പറയുന്നത്. തനിക്കും ബിജെപി ബംഗാള്‍ സംസ്ഥാന ഘടകത്തില്‍ ഒരു പ്രധാന്യവും ഇല്ലെന്ന് മനസിലായെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇതില്‍ കൂടുതല്‍ താന്‍ ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പിടിഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. മതുവ വിഭാഗത്തിനിടയിലെ പ്രബല സംഘടനയായ ആള്‍ ഇന്ത്യ മതുവ മഹാസഭ നേതാവ് കൂടിയാണ് ഇദ്ദേഹം. ബോഗോണില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം.

ഏതാനും ദിവസം മുന്‍പ് ബിജെപി സംസ്ഥാന ജില്ല കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചപ്പോള്‍ തങ്ങളുടെ വിഭാഗത്തിന് അര്‍ഹമായ പ്രധാന്യം ലഭിച്ചില്ലെന്ന് അഞ്ച് മതുവ വിഭാഗം അംഗങ്ങളായ എംഎല്‍എമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കേന്ദ്രമന്ത്രിയുടെ നടപടി എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. അതേ സമയം താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനായിരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അതേ സമയം, ശശാന്ത് താക്കൂറിന്റെ തെറ്റിദ്ധാരണകള്‍ തീര്‍ക്കുമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു. ശന്താനു താക്കൂര്‍ ബിജെപി കുടുംബത്തിന്റെ ഭാഗമാണെന്നും സംസ്ഥാന പ്രസിഡന്റ് സുകന്താ മജുന്തര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം മതുവ വിഭാഗത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിച്ച ശേഷം ബിജെപി അവരെ ഉപേക്ഷിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

നിലവില്‍ മതുവ വിഭാഗം തൃണമൂലിലും, ബിജെപിയിലും വോട്ട് വിഭാജിക്കപ്പെട്ട നിലയിലാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കണക്കുകള്‍ വച്ച് പറയുന്നത്. നാഡിയ, സൗത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ 30-40 സീറ്റുകളില്‍ സ്വദീനമുള്ളവരാണ് ഈ വിഭാഗം.

അതേസമയം നടനും എംഎല്‍എയുമായ ഹിരണ്‍ ചാറ്റര്‍ജിയും ബിജെപി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വിട്ടു. തന്റെ അറിവോടെ അല്ലാതെ തന്റെ മണ്ഡലത്തില്‍ ബിജെപി പരിപാടികള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് ഇദ്ദേഹം ഗ്രൂപ്പുകള്‍ വിട്ടത്. തന്നെ അറിയിക്കാതെ എല്ലാം നടത്തുന്നതിനാല്‍ ഗ്രൂപ്പുകളില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ഇദ്ദേഹം പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →