
ഇടുക്കി>>>കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവാവ് വീണു മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ലബ്ബക്കട പുളിക്കല്‍ ജോസിന്റെ മകന് ജോബിനാണ് ടൗണില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ ജോബിന് കൊവിഡ് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനാണ് ജോബിന് ഉള്‍പ്പടെയുള്ള എട്ടംഗ സംഘം ഈ കെട്ടിടത്തില്‍ എത്തിയത്. മദ്യപിച്ച ശേഷമാണ് ഇവര്‍ ഇവിടെയെത്തിയത്. രണ്ടു പേര് വീണ്ടും മദ്യം വാങ്ങാനായി പോയപ്പോഴാണ് സംഭവം ഉണ്ടായത്. ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ ജോബിന് കെട്ടിടത്തില്‍ നിന്നും താഴെ വീണതാണെന്നാണ് കൂടെയുണ്ടായിരുന്നവര്‍ നല്കിയ മൊഴി.
അതേസമയം വൈകുന്നേരം അഞ്ചു മണി വരെ ജോബിന് ലബ്ബക്കടയിലുണ്ടായിരുന്നെന്നും, ആറരയോടെ ജോബിന് കെട്ടിടത്തില്‍ നിന്ന് വീണതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.പണയത്തിലിരുന്ന ബൈക്ക് വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് ഇയാള്‍ കട്ടപ്പനക്ക് പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Follow us on