നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിയ്ക്കുന്ന ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെത്തും

ബെംഗുളുരൂ>>നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിയ്ക്കുന്ന കര്‍ണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെത്തും. പ്രതിപക്ഷ എതിര്‍പ്പിനെയും പ്രതിഷേധത്തെയും തുടര്‍ന്നാണ് ഇന്ന് ബില്ല് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ വിശ്വേശര കെഗേരി നിര്‍ദ്ദേശം നല്‍കിയത്. ബില്ല് കീറിയെറിയുമെന്നാണ് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അറിയിച്ചത്. അതുകൊണ്ടുതന്നെ സഭ ഇന്ന് പ്രക്ഷുബ്ധമാകും. ജെഡിഎസും ബില്ലിനെ എതിര്‍ക്കും. എന്നാല്‍ ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ള നിയമസഭയില്‍ ബില്ല് പാസാകും. അതേസമയം, ഒരു സീറ്റിന്റെ ഭൂരിപക്ഷം കുറവുള്ള നിയമനിര്‍മാണ കൗണ്‍സിലില്‍ ജെഡിഎസ് സഹായത്തോടെ മാത്രമെ ബില്ല് പാസാക്കിയെടുക്കാന്‍ പറ്റു. നിലവില്‍ കൗണ്‍സിലില്‍ സഹകരിച്ചു പോകുന്നതിനാല്‍ ജെഡിഎസ് സഹായിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക് ഉള്ളത്. ബില്ലിന് എതിരെ ഇന്ന് രാവിലെ 11.30 ന് സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ബംഗളൂരു നഗരത്തില്‍ റാലി നടക്കും.

നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കും അത്. നിര്‍ബന്ധിച്ചോ, സമ്മര്‍ദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നല്‍കിയോ മതപരിവര്‍ത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും.

മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നല്‍കുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. ജനറല്‍ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയോ, 25,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകള്‍, എസ്സി/എസ്ടി എന്നീ വിഭാഗത്തില്‍പ്പെട്ടവരെ മതം മാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കുകയും, 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. മതപരിവര്‍ത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലില്‍ വകുപ്പുകളുണ്ട്.

നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം മതം മാറാന്‍ താത്പര്യമുള്ളവര്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം. മജിസ്ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തില്‍ നിര്‍ബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാല്‍ അപേക്ഷ നല്‍കി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →