
തിരുവനന്തപുരം>>> ലോക്ക്ഡൗണ്‍ ദിനമായ ഇന്നലെ തലസ്ഥാനത്ത് അമിത വഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പോത്തന്‍കോട് അയിരൂപ്പാറ പാറവിളാകം അയ്യപ്പക്ഷേത്രത്തിന് സമീപം സൂര്യഭവനില്‍ സുനില്‍കുമാര്‍ മോളി ദമ്പതികളുടെ മകന് സൂരജാണ് (സുധി – 23) മരിച്ചത്. തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ നഴ്സിംഗ് പരിശീലനത്തിന് എത്തിച്ചശേഷം മടങ്ങവെ ഇന്നലെ രാവിലെ 8.45 ഓടെ മുട്ടത്തറ കല്ലുംമൂട്ടിലായിരുന്നു അപകടം നടന്നത്.
തിരുവല്ലത്ത് നിന്ന് ബൈപ്പാസിലൂടെ ഈഞ്ചക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു സൂരജ്. സൂരജ് സഞ്ചരിച്ചിരുന്ന ബൈക്കിനെ അതേ ദിശയില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സൂരജിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടം നടന്ന ഉടന്‍ കാറിലുണ്ടായിരുന്നര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് ഒരു ബിയര്ക്കുപ്പിയും കണ്ടെടുത്തു. ആറ്റിങ്ങല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ചാണോ വാഹനമോടിച്ചതെന്ന് അറിയാനായി രക്തപരിശോധന നടത്തിയിരിക്കയാണ്. അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: മിഥുന, സഹോദരി :സൂര്യ.

Follow us on