കാണിക്കവഞ്ചി മോഷ്ടിച്ച് ബിവറേജില്‍ മദ്യം വാങ്ങാനെത്തി; പത്ത് രൂപ നോട്ടുകള്‍ കുരുക്കായി

രാജി ഇ ആർ -

റാന്നി>>>ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാനെത്തിയ പ്രതികള്‍ പിടിയില്‍. തോക്ക്തോട് സ്വദേശി സനീഷും തോമസുമാണ് പിടിയിലായത്. രണ്ട് ദിവസം മുന്‍പ് പത്തനംതിട്ട റാന്നി പരുത്തിക്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് പ്രിതികള്‍ പിടിയിലായത്.

മോഷ്ടാക്കള്‍ ബിവറേജസ് ഔട്ട്ലെറ്റിലെ സിസിടിവിയില്‍ കുരുങ്ങുകയായിരുന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം എടുത്ത ശേഷം തൊട്ടടുത്തുള്ള പള്ളിയുടെ വഞ്ചിയും പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് കണ്ട നാട്ടുകാര്‍ ബഹളം വെച്ചു. പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു. അടുത്ത ദിവസം മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാന്‍ പ്രതികള്‍ റാന്നി ബിവറേജില്‍ എത്തി. എന്നാല്‍ ഇവരുടെ പക്കല്‍ പത്തുരൂപ നോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും മദ്യം വാങ്ങി പോയെങ്കിലും സംശയം തോന്നിയ ബിവറേജ് ജീവനക്കാരന്‍ പൊലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും പണവും പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. സനീഷ് ഒരു കൊലപാതക കേസിലും നിരവധി മോഷണകേസിലും പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.