മലയാളി ക്രിസ്മസിന് കുടിച്ചു തീര്‍ത്തത് 150 കോടിയുടെ മദ്യം

തിരുവനന്തപുരം>>എല്ലാ വര്‍ഷവും ആഘോഷ സമയങ്ങള്‍ കഴിയുമ്പോള്‍ മലയാളികളുടെ മദ്യ ഉപഭോഗത്തിലും വലിയ വ്യത്യാസം കാണാന്‍ സാധിക്കും.

ഇക്കാര്യത്തില്‍ കൂടുന്നത് അല്ലാതെ കുറയുന്ന അവസ്ഥ കുറവാണ്. ഇക്കുറിയും മലയാളികള്‍ പതിവു തെറ്റിച്ചിട്ടില്ല. ക്രിസ്തുമസ് ആഘോഷത്തില്‍ മലയാളികള്‍ ഇക്കുറിയം റെക്കോര്‍ഡ് തീര്‍ത്തു.

സംസ്ഥാനത്ത് ഇക്കുറിയും റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായതെന്നാണ് അഭിപ്രായപ്പെടുന്നത്. ക്രിസ്തുമസിന്റെ തലേനാള്‍ ബിവ്റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്‌കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്‌ബോഴാണിത്. ക്രിസ്മസ് ദിവസം ബെവ്‌കോ ഔട്‌ലറ്റ് വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കണ്‍സ്യൂമര്‍ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്‌ബോള്‍ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.

ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസിലെ ഔട്‌ലറ്റിലാണ്, 73.54 ലക്ഷം രൂപയ്ക്ക്. 70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാലക്കുടിക്കാര്‍ രണ്ടാമതാണ്. 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്‌ലെറ്റ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണയും ഈ ഔട്‌ലെറ്റുകള്‍ തന്നെയായിരുന്നു മുന്നില്‍.

കഴിഞ്ഞ ക്രിസ്മസിന് 55 കോടിരൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റുകളില്‍ 54 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന കൊടുങ്ങല്ലൂരാണ് മുമ്ബില്‍. കൊച്ചി ബാനര്‍ജി റോഡിലെ ഔട്‌ലറ്റില്‍ 53 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. ബെവ്‌കോ ഔട്‌ലറ്റുകള്‍ വഴി ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.

ബാറുകളിലും മറ്റിടങ്ങളിലും വിറ്റ മദ്യത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്‌ബോള്‍ മദ്യപാനത്തിന്റെ നിരക്ക് വീണ്ടും ഉയരും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →