കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന കെ റയില്‍ പദ്ധതി അനാവശ്യമെന്ന് ബെന്നി ബഹനാന്‍ എം പി

-

ന്യൂഡല്‍ഹി >>തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ നീളുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജ് സെമി ഹൈസ്പീഡ് റെയില്‍പാതയായ സില്‍വര്‍ ലൈന്‍ പദ്ധതി, ജനഹിതത്തിന് വിരുദ്ധമായി കേരളത്തിലെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച പദ്ധതിയാണെന്നും,ഇത് സംസ്ഥാനത്തിന് അനാവശ്യമാണെന്നും ബെന്നി ബഹനാന്‍ എം പി മാധ്യമങ്ങളോട് പറഞ്ഞു .പദ്ധതി കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പൂര്‍ണ്ണമായും തകര്‍ക്കും .

63941 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കണക്ക് കൂട്ടിയിരിക്കുന്നത് .എന്നാല്‍ നീതി ആയോഗിന്റെ കണക്കുകകള്‍ പ്രകാരം തന്നെയും 126081 കോടി രൂപ പദ്ധതിക്കായി ചിലവ് വരും .നിലവില്‍ കേരളത്തിന്റെ പൊതുകടമായി കണക്ക് കൂട്ടിയിരിക്കുന്നത് 3.5 ലക്ഷം കോടിരൂപയാണ് . അതിനോടൊപ്പം ഒരു ലക്ഷം കോടിയിലധികം രൂപയുടെ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ചിടത്തോളം വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സംസ്ഥാനത്തിന്റെ എല്ലാവിധ സാമ്പത്തിക സന്തുലിനാവസ്ഥയെയും തകര്‍ക്കുന്ന ഈ പദ്ധതി നടപ്പാക്കിയാല്‍ കേരളം ഒരു പാപ്പര്‍ സംസ്ഥാനമായി മാറുമെന്നും എം പി കുറ്റപ്പെടുത്തി .

ഒപ്പം തന്നെ സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഒരു പദ്ധതി കൂടെയാണ് കെ റയില്‍ .തണ്ണീര്‍ത്തടമുള്‍പ്പെടെ 1026.5 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി വേണ്ടി വരുമെന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത് .പദ്ധതിയെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനങ്ങളും നടന്നിട്ടില്ല എന്നുള്ളതും ഞെട്ടിപ്പിക്കുന്ന ഒന്നാണ് .കേരളത്തിന്റെ ജൈവ സമ്പത്ത് നിലനില്‍ക്കുന്ന പശ്ചിമഘട്ടത്തില്‍ നിന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം കെ റയലിന് വേണ്ടി കൊള്ളയടിക്കപ്പെടും.290 കിലോമീറ്റര്‍ ദൂരം ഇതിനു വേണ്ടി മാത്രം നിര്‍മിക്കുന്ന ട്രാക്കിന് ഇരുവശങ്ങളിലും മതില്‍ കെട്ടുന്നതിനായി ദശലക്ഷക്കണക്കിന് ടണ്‍ പാറകളും മണലും ആവശ്യമായി വരുമെന്നത് മറ്റൊരു ഭീതി ഉളവാക്കുന്ന കാര്യമാണെന്നും ,കേരളത്തെ രണ്ടായി വിഭജിക്കുന്ന വന്‍മതില്‍ കെട്ടുന്നതിലൂടെ വെള്ളപൊക്കത്തിനടക്കമുള്ള സാധ്യതകള്‍ വലുതാണെന്നും എം പി പറയുകയുണ്ടായി .

പദ്ധതി പ്രകാരം ലക്ഷക്കണക്കിന് ആളുകളെ പുനരധിവസിപ്പിക്കേണ്ടി വരുന്ന പദ്ധതിയില്‍ 25000 ത്തോളം കുടുംബങ്ങള്‍ കുടിയൊഴിക്കപ്പെടും .അതുകൊണ്ട് നിലവിലെ റെയില്‍ വേ ലൈന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഓട്ടോമാറ്റിക് സിഗ്‌നല്‍ സംഭൃതായം ഏര്‍പ്പെടുത്തുകയും ,വളവുകള്‍ നികത്തുകയും ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിന്‍ യാത്ര സാധ്യമാകുമെന്ന് റെയില്‍ വെ തന്നെ അറിയിച്ചിട്ടുള്ളതാണ് .അങ്ങനെയെങ്കില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 500 യില്‍ അധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏകദേശം 5 മുതല്‍ 6 മണിക്കൂര്‍ ദൈര്‍ഘ്യമെ വേണ്ടി വരുകയുള്ളൂ .ഇതിനായി ആകെ ചിലവ് വരുന്നത് കേവലം 20000 കോടി രൂപ മാത്രമാണ് .അത്‌കൊണ്ട് കെ- റയില്‍ പദ്ധതി സാമ്പത്തികമായി അധിക ബാധിത ഉണ്ടാക്കുന്ന അനാവശ്യ പദ്ധതിയാണെന്നും ,പദ്ധതി റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്നും അതുകൊണ്ട് തന്നെ പദ്ധതി ഉപേക്ഷിക്കണമെന്നും എം പി അഭിപ്രായപ്പെട്ടു . ടി എന്‍ പ്രതാപന്‍, ആന്റോആന്റണി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →