ഇടമലയാറിലെ ആദിവാസികളെ ബെന്നി ബഹനാന്‍ എം.പി സന്ദര്‍ശിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം>>>അരേകാപ്പ് കോളനിയില്‍ നിന്നും പാലായനം ചെയ്ത് ഇടമലയാറില്‍ അഭയം തേടിയആദിവാസികളെ ബെന്നി ബഹനാന്‍എം.പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.

ഉരുള്‍ പൊട്ടലും, വന്യമൃഗ ശല്യവും മൂലം ജീവിതം വഴി മുട്ടിയപ്പോള്‍ ജീവഭയം കൊണ്ട് അരേകപ്പ് ആദിവാസി കോളനിയില്‍ നിന്ന് മലയിറങ്ങിയവര്‍ ഇടമലയാറില്‍ വൈശാലിഗുഹക്ക് സമീപം കുടില്‍കെട്ടി താമസത്തിനൊരുങ്ങുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ കുടിലുകള്‍ പൊളിച്ച് നീക്കി ഇവരെ ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.

12കുടുംബങ്ങളിലെ 39 പേരടങ്ങുന്ന ആദിവാസി സമൂഹമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതെ ദിവസങ്ങളായി ഇടമലയാര്‍ ട്രൈബല്‍ ഷെല്‍ട്ടറില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. ഇവരുടെ ഭക്ഷണത്തിനുഉള്ള ക്രമീകരണം ചെയ്യുന്നത് സന്നദ്ധ സംഘടനകളും ഗ്രാമപഞ്ചായത്തുമാണ്.

സംസ്ഥാനസര്‍ക്കാരിന്റെ യാതൊരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല എന്ന് ആദിവാസികള്‍ എം.പിയോട് പരാതി പറഞ്ഞു.ഇവരുടെ ദുരിതം നേരില്‍ കണ്ട ചാലക്കുടി എം.പി.ബെന്നി ബെഹനാന്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും കൈമാറുകയും പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ഇടുക്കി എംപി. ഡീന്‍ കുര്യാക്കോസ്, ചാലക്കുടി എം എല്‍. എ ടി.ജെ. സനീഷ് കുമാര്‍ ജോസഫ്, ജില്ല പഞ്ചയത്ത് അംഗം മനോജ് മൂത്തേടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, കെ. പി. ബാബു, എ ജി. ജോര്‍ജ്, എം. എസ്. എല്‍ദോസ്, എബി എബ്രഹാം, സാബു ജോസഫ്, അനൂപ് ജോര്‍ജ്, ഷമീര്‍ പനക്കല്‍, എല്‍ദോസ് കീച്ചേരി, ജെയിംസ് കോരമ്പേല്‍, തുടങ്ങിയവര്‍ സംഘ ത്തില്‍ ഉണ്ടായിരുന്നു.


ആദിവാസികളെ വനംവകുപ്പ് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും, ജീവിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കണമെന്നും ആദിവാസികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മുതുവാന്‍, മാന്നാന്‍ വിഭാഗത്തില്‍ പെടുന്നവരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്.

ഇവരുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ് സൗകര്യം ലഭ്യമാകുന്ന വിവരം പഞ്ചായത്ത് മുഖേന അറിയിക്കുന്ന മുറയ്ക്ക് 12 കുട്ടികള്‍ക്ക് സൗജന്യമായി ഫോണ്‍ കൊടുക്കാമെന്നും, ഇവരുടെ പ്രശ്നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണെന്നും ജനപ്രതിനിധികള്‍ക്ക് വേണ്ടി ബെന്നി ബെഹനാന്‍ എം.പി. ആദിവാസികള്‍ക്ക് ഉറപ്പു നല്‍കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →