പേര് ‘ബംഗാളി’; ഇഷ്ട ഭക്ഷണം മാനിന്റെ ഐസ്‌ക്രീം! ഗിന്നസ് റെക്കോര്‍ഡിട്ട് ഒരു കടുവ

രാജി ഇ ആർ -

അമേരിക്ക>>>രാ ജ്യാന്തര കടുവ ദിനമായ ഇന്ന്, അമേരിക്കയില്‍ കഴിയുന്ന ബംഗാള്‍ കടുവ സ്വന്തമാക്കിയ അപൂര്‍വ നേട്ടത്തിന്റെ കഥയാണ് പുറത്തു വരുന്നത്. ‘ബംഗാളി’ എന്ന് പേരുള്ള പെണ്‍ കടുവ ഗിന്നസ് റെക്കോര്‍ഡിട്ടാണ് ഇപ്പോള്‍ ശ്രദ്ധേയയായത്. കഴിഞ്ഞ ദിവസമാണ് ബംഗാളി നേട്ടം സ്വന്തമാക്കിയത്.

ലോകത്തില്‍ സംരക്ഷണയില്‍ കഴിയുന്ന കടുവകളില്‍ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡാണ് ബംഗാളി നേടിയത്. യുഎസിലെ ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രത്തിലാണ് ബംഗാളി താമസിക്കുന്നത്. 25 വയസും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലര്‍ എന്ന പ്രദേശത്താണ് ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രം.

ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്ന ബംഗാളി 2000ത്തില്‍ തന്റെ നാലാം വയസിലാണ് ടൈഗര്‍ ക്രീക്ക് മൃഗശാലയിലെത്തിയത്. ആദ്യകാലത്തു നാണം കുണുങ്ങിയായിരുന്നെന്നു മൃഗശാലയുടെ അധികൃതര്‍ പറയുന്നു. മൃഗശാലയില്‍ ആളുകളെത്തുമ്‌ബോള്‍ അവരെ കാണാന്‍ കൂട്ടാക്കാതെ പോയി ഒളിച്ചു നില്‍ക്കാനായിരുന്നു ബംഗാളിക്കു താത്പര്യം.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ടൈഗര്‍ ക്രീക്കിനെ സ്വന്തം വീടായി കാണുന്ന ബംഗാളി, ഇപ്പോള്‍ സന്ദര്‍ശകരോട് ഇടപഴകാന്‍ മുമ്പിലാണ്. തങ്ങള്‍ കൂടിനു മുന്നിലെത്തുമ്‌ബോള്‍ ബംഗാളി ചിരിക്കാറുണ്ടെന്നു മൃഗശാല ജീവനക്കാര്‍ പറയുന്നു! അതിശയോക്തിയാകാം. ടൈലറിലെ ആളുകള്‍ക്കും ബംഗാളിയെ വളരെ പ്രിയമാണ്. അവള്‍ക്കായി ഫാന്‍സ് ഗ്രൂപ്പ് പോലുമുണ്ടത്രേ.
മൃഗശാല അധികൃതരുടെ സ്നേഹമേറ്റു വാങ്ങിയാണു കടുവയുടെ ജീവിതം. വെള്ളിപൂശിയ തളികയിലാണ് അവള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഒരു ദിവസം നിരവധി തവണ മാംസ ഭക്ഷണം കഴിക്കും.

എന്നാല്‍ ബംഗാളിയുടെ ഇഷ്ട ഭക്ഷണം മാംസമല്ല. അത് ഐസ്‌ക്രീമാണ്. മൃഗങ്ങളുടെ രക്തം കൊണ്ടുണ്ടാക്കിയ ഐസ്‌ക്രീം. ബ്ലഡ്സിക്കിള്‍സ് എന്നറിയപ്പെടുന്ന ശിതീകരിച്ച രക്തം ലോകത്തു പല മൃഗശാലകളിലും കടുവകള്‍ക്ക് നല്‍കാറുണ്ട്. ചൂടില്‍ നിന്നുള്ള ശമനം ഉദ്ദേശിച്ചാണ് ഇവ നല്‍കുന്നത്. ഇടയ്ക്കിടെ അവള്‍ കൂട്ടിനകത്തു സ്ഥിതി ചെയ്യുന്ന കുളത്തില്‍ കുളിക്കുകയും ചെയ്യും.

ടൈഗര്‍ ക്രീക്കിനുള്ളില്‍ വലിയൊരു സംരക്ഷിത പ്രദേശമാണു ബംഗാളിയുടെ കൂട്. ഒട്ടേറെ മരങ്ങളും മരക്കഷണങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ കൂട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 2016ല്‍ ബംഗാളിയുടെ 21ാം ജന്‍മദിനം വലിയ ആഘോഷങ്ങളോടെയാണു മൃഗശാലയില്‍ കൊണ്ടാടിയത്. ഇത്ര വയസായിട്ടും ബംഗാളിക്കു കുട്ടികളില്ല.

ബംഗാളിയുടെ 26ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് മൃഗശാല ആധികൃതര്‍. ഓഗസ്റ്റ് 31നാണ് ബംഗാളുടെ 26ാം പിറന്നാള്‍.