മതത്തിനെതിരായതിനാല്‍ കേക്കില്‍ ‘മെറി ക്രിസ്മസ്’ എഴുതിയില്ല, പല തവണ പറഞ്ഞിട്ടും കേട്ടില്ല: ബേക്കറിക്കെതിരെ പരാതിയുമായി യുവതി

-

ഇസ്ലാമാബാദ് >>ക്രിസ്മസ് കേക്കില്‍ ‘മെറി ക്രിസ്തുമസ്’ എഴുതാന്‍ വിസമ്മതിച്ച ബേക്കറിക്കെതിരെ പരാതിയുമായി യുവതി.

പാകിസ്താനിലെ കറാച്ചി ഡെലിസിയ ബേക്കറിക്കെതിരെയാണ് ആരോപണം. സെലസ്റ്റിയ നസീം ഖാന്‍ എന്ന യുവതിയാണ് ബേക്കറിക്കും ബേക്കറിയില്‍ ജീവനക്കാരനുമെതിരെ പരാതിയുമായി രംഗത്ത് വന്നത്. താന്‍ വാങ്ങിയ ക്രിസ്തുമസ് കേക്കില്‍ ‘മെറി ക്രിസ്തുമസ്’ എന്നെഴുതാന്‍ പലയാവര്‍ത്തി ജീവനക്കാരനോട് പറഞ്ഞിട്ടും അതെഴുതാന്‍ അയാള്‍ തയ്യാറായില്ലെന്ന് യുവതി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

ബേക്കറിയ്ക്ക് അകത്തുള്ളവര്‍ തന്നെ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാരന്‍ തന്നോട് പറഞ്ഞതായും സെലസ്റ്റിയ പറയുന്നു. ബേക്കറി ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ മതത്തിനും എതിരായതിനാലാണ് ഇത്തരം സമീപനം ഉണ്ടായതെന്നും അത്തരം അവസരങ്ങളില്‍ പണം സമ്ബാദിക്കുന്നത് അവര്‍ക്കൊരു വിഷയമല്ലെന്നും വ്യക്തമാക്കിയ സെലസ്റ്റിയ ബേക്കറി ജീവനക്കാരുടെ സമീപനം തന്നെ നിരാശപ്പെടുത്തിയെന്നും പറഞ്ഞു.

അതേസമയം, യുവതിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ മറുപടിയുമായി ബേക്കറി അധികൃതര്‍ രംഗത്ത് വന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ വിവേചനം കാണിക്കുന്നില്ലെന്നാണ് ഡെലിസിയ ബേക്കറി അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ തങ്ങള്‍ ജീവനക്കാരന് എതിരെ നടപടിയെടുക്കുകയാണ്. ക്രിസ്മസ് ആശംസ എഴുതാതിരുന്നത് ബേക്കറിയുടെ തീരുമാനമല്ലെന്നും ജീവനക്കാരന്റെ മാത്രം തീരുമാനമായിരുന്നു എന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം കാരണം ജീവനക്കാര്‍ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാന്‍ വിസമ്മതിച്ചിരിക്കാമെന്നും ബേക്കറി ഉടമ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →