കാഞ്ഞിരപ്പള്ളി>>>പിഞ്ചു കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പൊലീസിനു ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
സംഭവ സമയത്ത് കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനി ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കുട്ടിക്ക് അനക്കമില്ലെന്നു ഫോണില്‍ വിളിച്ച് തന്നെ അറിയിച്ചത് ഭാര്യയാണെന്ന് ഭര്‍ത്താവ് റിജോ മൊഴി നല്‍കിയതായും പൊലീസ് അറിയിച്ചു.
വാര്‍ഡംഗം ആന്റണി ജോസഫിനെയും കൂട്ടി വീട്ടിലെത്തിയ റിജോ കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മരണശേഷം കൂടുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അമ്മയെ ചികിത്സ നല്കി സാധാരണ നിലയിലാക്കി ശേഷം ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന് അറിയിച്ചു. ഇവരെ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.
Follow us on