ഓട്ടോറിക്ഷ തൊഴിലാളിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപണം

കൊല്ലം>> കരിക്കോട് സ്വദേശി താജുദ്ദീന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അന്യായമായി പീഡിപ്പിക്കുന്നതായി പരാതി.കൊല്ലം കരിക്കോട് പഴയ ബസ്സ്റ്റാന്റില്‍ വര്‍ഷങ്ങളായി ഒട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന ആളാണ് താജുദ്ദീന്‍.കഴിഞ്ഞ ഓണത്തിന് ഉച്ചക്ക് ഒരു മണിയോടെ ഇദ്ദേഹം എഴുകോണ്‍ എന്ന സ്ഥലത്തേക്ക് ഓട്ടം പോകുന്ന വഴി കുണ്ടറ ആശുപത്രിമുക്കിന് സമീപം ഒരാള്‍ ആക്സിഡന്റില്‍ പെട്ട് വഴിയരുകില്‍ കിടക്കുന്നതുകണ്ടു.ആരും തന്നെ അപകടത്തില്‍പ്പെട്ട ആളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല.താജുദീന്‍ ഉടന്‍തന്നെ ഓട്ടോ സൈഡില്‍ ഒതുക്കി അപകടത്തില്‍പ്പെട്ട ആളിനെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന്
തന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും കൊണ്ട് ഏഴുകോണിലേക്കു പോയി.
ദിവസങ്ങള്‍ക്കുശേഷം താജുദ്ദീന് ഓട്ടോയുമായി ഹാജരാകാന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും അറിയിപ്പ് ലഭിച്ചു.താജുദ്ദീന്റെ ഓട്ടോ ആണ് അപകടം ഉണ്ടാക്കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. സത്യാവസ്ഥ തുറന്നു പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല.ഒടുവില്‍ അന്ന് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ ഫോണില്‍ വിളിച്ച് പോലീസിന്റെ കൈയ്യില്‍ കൊടുത്ത് സംസാരിച്ചതിനുശേഷമാണ് താജുദ്ദീനെ പോകാന്‍ അനുവദിച്ചത്.

എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം പോലീസ് എത്തി താജുദീന്റെ ഓട്ടോ കസ്റ്റഡിയില്‍ എടുത്തു സ്റ്റേഷനിലേക്ക് മാറ്റുകയും താജുദ്ദീനെതിരെ കേസ് എടുക്കുകയും ചെയ്തു.കാര്യങ്ങള്‍ വിശദീകരിച്ചിട്ടും കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുക എന്ന പോലീസ് തന്ത്രത്തിനെതിരെ വ്യാപക പ്രതിക്ഷേധമാണ് ഇവിടങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.ഇങ്ങനെയൊക്കെയാണ് കാര്യമെങ്കില്‍ അപകടത്തില്‍ പെടുന്നവരെ ഇനി ആരെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമോന്നാണ് മറ്റ് ഓട്ടോത്തൊഴിലാളികളും ചോദിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →