വ്യാപാരസ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ കുത്തി തുറന്ന് നടന്ന മോഷണങ്ങളിലെ പ്രതിയെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം പ്ലാമൂട് പൂച്ചെടിവിളവീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന നിഖില്‍ (വയസ്സ് 21) ആണ് പിടിയിലായത്.

കഴിഞ്ഞ ആഴ്ച ആറ്റിങ്ങല്‍ കച്ചേരി നടയിലെ മൊബൈല്‍ ഷോപ്പ് ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു. അതേ ദിവസം രാത്രി തന്നെ കല്ലമ്പലത്തും , കൊല്ലം ജില്ലയിലെ ചാത്തന്നൂരും മോഷണ പരമ്പര അരങ്ങേറിയിരുന്നു. ഇതെല്ലാം നടത്തിയത് ഇപ്പോള്‍ പിടിയിലായ നിഖിലിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമായിരുന്നു.

ഒറ്റ രാത്രിയില്‍ പത്തോളം വ്യാപാരസ്ഥാപനങ്ങളിലാണ് സംഘം മോഷണം നടത്തിയത്. മോഷണം പോയ മൊബൈല്‍ ഫോണുകളും പിടിയിലായ നിഖിലിന്റ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. അനവധി മോഷണ, അടിപിടി കേസ്സുകളിലെ പ്രതിയാണ് ഇയാള്‍. ഇയാളുടെ കൂട്ടാളിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയാളും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

മോഷണങ്ങളെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി. വൈ. എസ്. പി ഡി. എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ രൂപികരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി കെ മധു ഐ. പി. എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്.

ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്‍ , സബ് ഇന്‍സ്‌പെക്ടര്‍മാരായ പി. ആര്‍. രാഹുല്‍, ബി. ബിനിമോള്‍, ശ്രീകുമാര്‍, സി. പി. ഒ സിയാസ്, ജയകുമാര്‍ ഷാഡോ ഡാന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. ഫിറോസ്ഖാന്‍ എ. എസ്. ഐമാരായ ബി. ദിലിപ് , ആര്‍. ബിജുകുമാര്‍ സി. പി. ഒമാരായ അനൂപ് , സുനില്‍രാജ് എന്നിവരുടെ സംഘമാണ് മോഷണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.