ഇന്ധന വില വര്‍ധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ സ്ഥിതി അതീവ ഗുരുതരം

ദില്ലി>>ഇന്ധന വില വര്‍ധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പൊലീസുകാരെ കൊലപ്പെടുത്തിയ സമരക്കാര്‍ രണ്ട് പേരുടെ തലവെട്ടിയെടുത്തു. എല്‍പിജി വിലവര്‍ധനസര്‍ക്കാര്‍ പിന്‍വലിച്ചിട്ടും പ്രതിഷേധക്കാര്‍ പിന്മാറിയിട്ടില്ല.

എല്‍പിജി വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് മധ്യ ഏഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ കലാപം തുടങ്ങിയത്. വാഹനങ്ങളില്‍ വ്യാപകമായി എല്‍പിജി ഉപയോഗിക്കുന്ന രാജ്യത്ത് വില ഇരട്ടി ആയതോടെ ജനക്കൂട്ടം തെരുവിലിറങ്ങി. സമരം അതിവേഗം കലാപമായി.

നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചു കൊന്നു. ആല്‍മറ്റിയില്‍ പൊലീസ് ആസ്ഥാന മന്ദിരം ആക്രമിച്ച സമരക്കാര്‍ക്ക് നേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് സൈന്യം വെടിയുതിര്‍ത്തു. 13 പൊലീസുകാരെ കൊലപ്പെടുത്തിയ പ്രക്ഷോഭകാരികള്‍ രണ്ട് ഉദ്യോഗസ്ഥരുടെ
തല വെട്ടി മാറ്റി. കഴിഞ്ഞ ദിവസം മാത്രം 353 പൊലീസുകാര്‍ക്ക് പരിക്കുണ്ട്.

ആയിരത്തോളം പേര്‍ ആശുപത്രിയിലായി. 24 മണിക്കൂറില്‍ 2000 പേര്‍ അറസ്റ്റിലായി. എല്‍ പി ജി വിലവര്‍ധന പിന്‍വലിച്ചെന്നും പ്രധാനമന്ത്രി രാജി നല്‍കിയെന്നും പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയോവ് പ്രഖ്യാപിച്ചിട്ടും സംഘര്‍ഷം പടരുകയാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് തീയിട്ട സമരക്കാര്‍ ആല്‍മറ്റി നഗരത്തിന്റെ മേയറുടെ വീടും കത്തിച്ചു.

പൊലീസിന്റെ വന്‍ ആയുധശേഖരം ജനക്കൂട്ടം പിടിച്ചെടുത്തു. പ്രക്ഷോഭകാരികള്‍ കയ്യേറിയ ആല്‍മറ്റി വിമാനത്താവളം സൈന്യം തിരികെ പിടിച്ചു. രാജ്യമാകെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച സര്‍ക്കാര്‍ ജനങ്ങളോട് പുരത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങളുടെ സംയുക്ത സേന കസാഖിസ്ഥാനില്‍ എത്തി. പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിത്.

സമരക്കാര്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്ത് ഇപ്പോഴത്തെ ഭരണാധികാരികളോടുള്ള ജനകീയ എതിര്‍പ്പാണ് ഈ കലാപത്തില്‍ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തലുണ്ട്. ലോകത്തെ എണ്ണ നിക്ഷേപത്തിന്റെ മൂന്നു ശതമാനം കൈവശമുള്ള എണ്ണ സമ്പന്ന രാജ്യത്താണ് ഇന്ധനവിലയുടെ പേരില്‍ കലാപം നടക്കുന്നത്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →