എഎസ്ഐ കെ.വി പ്രമോദ് ട്രെയിന്‍ യാത്രക്കാരനോട് പെരുമാറിയത് മൃഗീയമായി; അതിരുകടന്നെന്ന് സോഷ്യല്‍മീഡിയയും

-

കണ്ണൂര്‍>> കണ്ണൂരില്‍ മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനോട് എ. എസ്. ഐ കെ.വി പ്രമോദ് പെരുമാറിയത് അതിമൃഗീയമായി.

സ്ലീപ്പര്‍ കോച്ചില്‍ ഉണ്ടായിരുന്ന മനുഷ്യനെ അതിമൃഗീയമായി മര്‍ദ്ദിച്ച ശേഷം കരണത്തടിച്ച് നിലത്തിട്ട് ചവുട്ടിക്കൂട്ടി വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടത് ടിക്കറ്റില്ല എന്നാരോപിച്ചാണ്. എന്നാല്‍, ടിക്കറ്റോ മറ്റ് യാത്രാ രേഖകളോ കാണിക്കാനുള്ള സമയം പോലും ആ മനുഷ്യന് എഎസ്ഐ നല്‍കിയില്ല. യാത്രക്കാരനെ മര്‍ദ്ദിച്ചതിനു ശേഷം പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ഇതിന് ശേഷം ഈ യാത്രക്കാരനെ കുറിച്ച് ആര്‍ക്കും വിവരമില്ല.

ഈ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാര്‍ മര്‍ദനം നടത്തുന്നത് വിലക്കിയെങ്കിലും ഇതൊന്നും ചെവികൊള്ളാതെ എ. എസ്. ഐ മര്‍ദ്ദനമഴിച്ചുവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. എഎസ്ഐ പ്രമോദിനൊപ്പം രാഗേഷെന്ന പൊലിസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാള്‍ യാത്രക്കാരനെ തൊടാതെ മാറി നില്‍ക്കുകയായിരുന്നു.

യാത്രക്കാരനെ മര്‍ദ്ദിച്ചതിനു ശേഷം ടി.ടി. സ്ഥലത്തെത്തുകയും ഇയാളെ രാത്രിയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിടാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഓര്‍ഡിനറി കംപാര്‍ട്ട് മെന്റില്‍ ടിക്കറ്റെടുത്ത യാത്രക്കാരന്‍ സ്‌ളീപ്പറില്‍ കയറിയതിനാണ് പൊലിസ് മര്‍ദ്ദനമഴിച്ചുവിട്ടത്. ട്രെയിനില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നാണ് മര്‍ദ്ദനം നടത്തിയ എ. എസ്. ഐയുടെ വിശദീകരണം.

എന്നാല്‍ ഇയാള്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാര്‍ക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനില്‍ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടി. ടി.യുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാള്‍ യാത്ര ചെയ്താല്‍ ട്രെയിന്‍ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്.

ഇതു മറികടന്നുകൊണ്ടാണ് പൊലിസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ് പ്രസ് തലശേരിയിലെത്തിയപ്പോഴാണ് പൊലിസ് അതിക്രമം നടന്നത്. മര്‍ദ്ദിച്ച യാത്രക്കാരന്റെ പേരോ മറ്റുവിവരങ്ങളോ ടിക്കറ്റോ ചോദിക്കാതെയാണ് പൊലിസ് കൈയേറ്റം നടത്തിയതെന്നാണ് മറ്റു യാത്രക്കാര്‍ പറയുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →