കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയായി നാട്ടുകാരുടെ തങ്കമണി ടീച്ചറും

ന്യൂസ് ഡെസ്ക്ക് -

അശമന്നൂര്‍>>>കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ സ്ഥിതി വകവയ്ക്കാതെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഓടക്കാലി 104-ാം നമ്പര്‍ അംഗനവാടി ടീച്ചര്‍ കെ എ തങ്കമണി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.45 വര്‍ഷക്കാലം ഒരേ അംഗനവാടിയില്‍ ജോലി ചെയ്ത് മൂന്ന് തലമുറയ്ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ഏക്കുന്നം പുറംചിറ തങ്കമണി ടീച്ചര്‍(62) ന്റെ സേവനം അശമന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ അഭിമാന ചരിത്രമാണ്.

1977 ജൂണ്‍ 1 ന് ഓടക്കാലി ഗവ.ഹൈസ്‌ക്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച ബാലവാടിയില്‍ ജോലി ആരംഭിച്ച് പിന്നീട് 2000ല്‍ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ അംഗനവാടിയായി മാറിയപ്പോഴും 104-ാംനമ്പര്‍ അംഗനവാടി ടീച്ചറായി അവിടെ തുടര്‍ന്നു.

തങ്കമണി ടീച്ചറില്‍ നിന്ന് അക്ഷരാഭ്യാസം തുടങ്ങിയവരാണ് ഓടക്കാലിക്കും പരിസരങ്ങളിലുമുള്ള ഭൂരിപക്ഷം ജനങ്ങളും. തന്റെ ശിക്ഷണത്തില്‍ വളര്‍ന്ന നാട്ടുകാരായ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത് കാണാന്‍ കഴിയുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വിജയമായി തങ്കമണി ടീച്ചര്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം സാമൂഹ്യ നീതി വകുപ്പില്‍ നിന്ന് മുന്‍കാലങ്ങളില്‍ ടീച്ചര്‍ പഠിപ്പിച്ച 10 കുട്ടികളോട് പഠനകാലത്തെ ടീച്ചറുമായുള്ള അനുഭവങ്ങളും ഓര്‍മ്മകളും പങ്ക് വയ്ക്കാന്‍ ആവശ്യപ്പെടുകയും 10 കുട്ടികള്‍ ടീച്ചറെക്കുറിച്ചുള്ള നല്ല അനുഭവങ്ങള്‍ പങ്കുവെച്ചതും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ടീച്ചര്‍ പറയുന്നു.

അയ്യപ്പന്‍ ആണ് ഭര്‍ത്താവ്. സുരേഷ് സൈനോര,സുധീഷ് എന്നിവര്‍ മക്കളാണ്. 2022 ഏപ്രില്‍ 30 തങ്കമണി ടീച്ചര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കും. അശമന്നൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡ് ജാഗ്രതാ സമിതി അംഗമായ തങ്കമണി ടീച്ചര്‍ വാര്‍ഡിലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആര്‍ ആര്‍ ടി പ്രവര്‍ത്തക കൂടിയാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →