‘നല്ലവനായ ഉണ്ണി’ അറസ്റ്റില്‍; ലഹരിക്കെതിരെ ടെലിഫിലിം എടുത്ത നിര്‍മാതാവ് ലഹരിമൂത്തപ്പോള്‍ ദേശീയപാതയില്‍ നൃത്തം ചെയ്തു

രാജി ഇ ആർ -

ചാലക്കുടി>>>അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയില്‍ രമേശ് പിഷാരടിയുടെ ‘ഉണ്ണി’ യെന്ന കഥാപാത്രത്തെ ഓര്‍മയില്ലെ. അതുപോലൊരു ഉണ്ണി തൃശൂര്‍ പിടിയിലായി. ലഹരിക്കെതിരെ നിരവധി ടെലിഫിലിം നിര്‍മിച്ചയാള്‍ക്ക് ലഹരി മൂത്തപ്പോള്‍ ദേശീയപാത നൃത്തവേദിയായി തോന്നി. പിന്നെ ഒന്നും നോക്കിയില്ല, നൃത്തചുവടുകളുമായി സംഗതി കൊഴുത്തതോടെ പൊലീസ് ഇറങ്ങി കൈയോടെ പൊക്കി.

എറണാകുളം പള്ളിമുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് മാരക ലഹരി മരുന്നായ എം.ഡി.എം.എ കണ്ടെടുത്തു.കഴിഞ്ഞദിവസം പുലര്‍ച്ച മൂന്നിന് മയക്കുമരുന്ന് ലഹരിയില്‍ ചിറങ്ങര ദേശീയപാത ജങ്ഷനില്‍ നൃത്തം ചെയ്ത പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 2.50 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഇതിന് 25,000 രൂപയോളം വില വരും. പിടിയിലായ വിഷ്ണുരാജ് നിരവധി ടെലിഫിലിമുകള്‍ നിര്‍മിക്കുകയും കാമറമാനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇയാളുടെ ടെലിഫിലിം പലതും ലഹരി ഉപയോഗത്തിന്റെ വിപത്തിനെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നവയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച ആഡംബര വാഹനവും പിടിച്ചെടുത്തു.

പ്രതിക്ക് ലഹരി ലഭിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കൊരട്ടി സി.ഐ ബി.കെ. അരുണ്‍ പറഞ്ഞു. എസ്.ഐമാരായ സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ മുരുകേഷ് കടവത്ത്, സീനിയര്‍ സി.പി.ഒമാരായ സജീഷ് കുമാര്‍, ജിബിന്‍ വര്‍ഗീസ്, ഹോംഗാര്‍ഡ് ജോയി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.