മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ നാലു മാസത്തിനുശേഷം പിടികൂടി

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>>മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം പിടികൂടി. തിരുവനന്തപുരം വെള്ളറടയില്‍നിന്ന് നാടുവിട്ട കമിതാക്കളെ മലപ്പുറത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. ഇരുവരും നാടുവിട്ടു പോയതിന് പിന്നാലെ ഇവരുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വെള്ളറട എസ് എച്ച് ഒ എം ആര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്. മലപ്പുറത്ത് രഹസ്യമായി വാടക വീട് എടുത്തു താമസിച്ചു വരികയായിരുന്നു ഇരുവരും. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാലനീതി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →