പ്രണയം ,പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണിയും; പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍

കൊച്ചി>>
പണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പണമിടപാട് സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

കലൂരില്‍ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍ലരാജിനെ(40) ആണ് യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് ലൈംഗിക ചൂഷണം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ പരാതി.

ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കലൂരില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരിയായ യുവതി. സ്ഥാപനത്തില്‍ വച്ച് പ്രതി യുവതിയെ പീഡിപ്പിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കാട്ടി പിന്നീട് ബിസിനസ് കോണ്‍ഫറസ് എന്ന വ്യാജേന വയനാട്ടില്‍ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെ യുവതി വിവാഹിതയായിരുന്നു. ഇതോടെ തന്റെ കയ്യിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പണവും ആവശ്യപ്പെട്ടിരുന്നു. ഭീഷണിക്ക് വഴങ്ങി യുവതി തന്റെ പക്കലുള്ള സ്വര്‍ണ്ണം പ്രതിക്ക് നല്‍കി. പിന്നീടും ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. കടവന്ത്ര പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →