സ്വര്‍ണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നര കോടി രൂപ തട്ടിയ കേസ്: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്>> സ്വര്‍ണ്ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ഒന്നര കോടി രൂപ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഹവാല പണം തട്ടുന്ന വന്‍ സംഘത്തിലെ അംഗങ്ങളാണിവരെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് കുമ്പള സ്വദേശി സഹീര്‍, കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ പുതിയൊരു കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.

ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത് നാല് പേര്‍ ഓടി രക്ഷപ്പെട്ടു. കാസര്‍കോട്, മംഗളൂരു ഭാഗങ്ങളിലായി വീടുകള്‍ കയറി വന്‍ മോഷണത്തിന് സംഘം പദ്ധതി ഇട്ടിരുന്നു. കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതി മുബാറക്ക് വിവിധ ഇടങ്ങളില്‍ നിന്ന് കോടികള്‍ കവര്‍ന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷം, നിലമ്പൂരില്‍ നിന്ന് 85 ലക്ഷം രൂപ കവര്‍ന്ന കേസുകളിലും പ്രതിയാണ് ഇയാള്‍. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളിലും പ്രതി. സഹീര്‍ കുമ്പളയിലെ കൊലപാതക കേസില്‍ പ്രതിയാണ്. കുമ്പള സ്റ്റേഷനില്‍ മറ്റ് രണ്ട് കേസുകള്‍ കൂടിയുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ 22 നാണ് മൊഗ്രാല്‍പുത്തൂര്‍ പാലത്തിന് സമീപത്ത് നിന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരി കൈലാസിന്റെ ഒരുകോടി 65 ലക്ഷം രൂപ സംഘം കൊള്ളയടിച്ചത്. രണ്ട് പേര്‍ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതി കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിലിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കതിരൂര് മനോജ് വധക്കേസിലെ പ്രതിയാണ് ഇയാള്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →