പാലാ സ്വദേശിനിയുടെ ചിത്രം പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുപി സ്വദേശി പിടിയില്‍

-

കോട്ടയം>> ചാറ്റിങ്ങിലൂടെ യുവതിയുടെ ഫോട്ടോ സ്വന്തമാക്കി പ്രചരിപ്പിക്കുകയും ഇതുപയോഗിച്ച് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി യുവാവ് പിടിയിലായി.

ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശി മോനുകുമാര്‍ റാവത്താണ് (25) പിടിയിലായത്.മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവച്ച് പാലാ പൊലീസിനെ അറിയിച്ചു. പൊലീസ് ഡല്‍ഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.2020 ജൂലൈയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം.പാലാ സ്വദേശിനിയുമായി മോനുകുമാര്‍ സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. സൗഹൃദം വളര്‍ന്നതോടെ ചാറ്റിങ് വാട്സാപ്പിലായി.ഇതുവഴി യുവതിയുടെ ഫോട്ടോകളും വിഡിയോകളും മോനുകുമാര്‍ കരസ്ഥമാക്കി.

ബന്ധം വളര്‍ന്നതോടെ സഹോദരിയുടെ വിവാഹത്തിനെന്നു പറഞ്ഞ് യുവാവ് പണം ആവശ്യപ്പെട്ടു.എങ്കിലും യുവതി നല്‍കിയില്ല. അതോടെ 2021 ഏപ്രിലില്‍ മോനുകുമാര്‍ വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചു. യുവതി പൊലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്നു വ്യക്തമായതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി.അങ്ങിനെയാണ് എയര്‍പോര്‍ട്ടില്‍ വച്ച് ഇയാള്‍ പിടിയിലായത്.

ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒ കെ.പി.ടോംസണ്‍, എസ്ഐമാരായ അഭിലാഷ്, തോമസ് സേവ്യര്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലെത്തിച്ച പ്രതിയെ ഇന്നു പാലാ കോടതിയില്‍ ഹാജരാക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →