16 കാരിയായ സ്വന്തം മകളെ കൊണ്ട് വ്യാപാരിക്കെതിരെ എസ് ഐ നല്‍കിച്ചത് വ്യാജ പീഡന പരാതി

-

കണ്ണൂര്‍>>പയ്യന്നൂരില്‍ വ്യാപരിക്കെതിരെ എസ്ഐയുടെ മകള്‍ നല്‍കിയത് വ്യാജ പരാതിയെന്ന് ക്രൈംബ്രാഞ്ച്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വ്യക്തി വിരോധത്തില്‍ എസ് ഐ സ്വന്തം മകളെ കൊണ്ട് വ്യാജ പീഡന പരാതി നല്‍കിച്ചതാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

സംഭവത്തില്‍ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. ഡിഐജി സേതുരാമന്‍ കണ്ണൂര്‍ റൂറല്‍ എസ്പിക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ശിക്ഷാ നടപടി ഉണ്ടാകുമെന്ന് ഡിഐജി പറഞ്ഞു. വ്യക്തി വൈരാഗ്യം കാരണമായിരുന്നു വ്യാജ പീഡന പരാതി നല്‍കിയത്.

പോക്സോ കേസ് ആയതിനാല്‍ എസ്ഐയുടേയും മകളുടേയും പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു കേസിന് ആസ്പദമായ സംഭവം. പയ്യന്നൂരില്‍ പെരുമ്ബയിലെ ബേക്കറിയില്‍ നിന്ന് കേക്ക് വാങ്ങാന്‍ എസ്ഐ എത്തിയിരുന്നു.

സമീപത്തുള്ള ടയര്‍ സര്‍വീസ് കടയുടെ മുന്നിലാണ് ഇയാള്‍ വാഹനം നിര്‍ത്തിയിട്ടത്. എന്നാല്‍ സര്‍വീസിന് എത്തുന്ന വാഹനങ്ങള്‍ക്ക് കടയിലേക്ക് കയറാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ കടയുടെ മുന്നില്‍ നിന്ന് കാര്‍ മാറ്റിയിടണമെന്ന് സ്ഥാപനത്തിന്റെ മാനേജരായ ഷമീം ആവശ്യപ്പെട്ടു.

വൈകിട്ട് യൂണിഫോമില്‍ എത്തിയ എസ്ഐ കൊറോണ പ്രോട്ടോക്കോളിന്റെ പേരില്‍ കേസെടുക്കുമെന്ന് പറഞ്ഞ് ഷമീമിനെ ഭീഷണിപ്പെടുത്തി. ഇതോടെ ഷമീം എസ്ഐക്കെതിരെ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസുകാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമീമിനെതിരെ 16കാരിയായ സ്വന്തം മകളെ കൊണ്ട് എസ്ഐ വ്യാജപീഡന പരാതി നല്‍കിച്ചത്.

താന്‍ കേക്ക് വാങ്ങാന്‍ പോയപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു പരാതി. സംഭവം കേസായതോടെ ഷമീം എസ്പിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും, വ്യാജപീഡന പരാതിയാണെന്ന് അറിയിക്കുകയും ചെയ്തു. എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഷമീമിനെതിരായ പീഡനപരാതി വ്യാജമാണെന്ന് ഡിവൈഎസ്പി മനോജ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →