മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം വീട്ടമ്മയെ ആക്രമിച്ചു; പരിക്കേറ്റ വീട്ടമ്മ പരാതിയുമായി രംഗത്ത്

-

രാജാക്കാട്>> ഉണ്ടമലയില്‍ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം വീട്ടമ്മയെ ആക്രമിച്ചതായി പരാതി.ആക്രമണത്തില്‍ വീട്ടമ്മയുടെ കാലിനു ഗുരുതരമായി പരുക്കേറ്റതായി ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ 18 ന് രാത്രി ചക്കുങ്കല്‍ മേരി ജോസഫിനെയും കുടുംബത്തെയുമാണ് എട്ടംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ആയുധങ്ങളും ഒഴിഞ്ഞ ബീയര്‍ കുപ്പികളുമായാണ് സംഘം ആക്രമണത്തിനെത്തിയത്. സമീപവാസിയായ യുവാവ് മേരിയുടെ ഇളയമകനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചത് ഇവര്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം.

ഗുണ്ടാസംഘത്തിന്റെ ആക്രമണം നടക്കുമ്‌ബോള്‍ മേരിയുടെ മകന്‍ ജിബിന്‍ സ്വയരക്ഷയ്ക്കായി കത്തി വീശുകയും ഗുണ്ടാസംഘത്തില്‍ പെട്ടവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ ജിബിനു ചികിത്സ നല്‍കാന്‍ പൊലീസ് തയാറായില്ലെന്നു മേരി പറയുന്നു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടക്കുന്നതായി രാജാക്കാട് പൊലീസ് അറിയിച്ചു.

മേരിയുടെ 14 വയസ്സുള്ള കൊച്ചുമകനും ആക്രമണത്തില്‍ പരുക്കേറ്റു. മേരിയുടെ ഇടതുകാലിനു പൊട്ടലുണ്ട്. തന്റെ വസ്ത്രം വലിച്ചു കീറി ഉപദ്രവിക്കാന്‍ ശ്രമിച്ചതായും മേരി പറയുന്നു. ആക്രമണത്തിനു ശേഷം ഗുണ്ടാ സംഘം കടന്നുകളഞ്ഞു. പൊലീസ് എത്തിയതിനു ശേഷമാണ് മേരിയെയും കുടുംബാംഗങ്ങളെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് പ്ലാസ്റ്റര്‍ ഇട്ട മേരി കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തുകയു ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →