ആറംഗ സംഘത്തിന്റെ താണ്ഡവം റോഡില്‍;പെണ്‍കുട്ടിയുമായി പോയത് വെള്ളാക്കില്‍ പാറയിലേക്ക്; പൊലീസ് അറസ്റ്റ് ചെയ്തതോടെ തന്റെ സുഹൃത്തുക്കളെന്ന് പെണ്‍കുട്ടിയുടെ മൊഴി

-

കോട്ടയം>>കറുകച്ചാല്‍ കോത്തലപ്പടി കവലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആറംഗ സംഘത്തിലെ നേതാവിനെ കണ്ടെത്താനാകാതെ പൊലീസ്.

സംഘത്തിലെ അഞ്ചുപേരെയും അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ നേതാവായ കങ്ങഴ സ്വദേശി അബിന്‍ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ആറംഗ സംഘമെത്തി കോത്തലപ്പടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

പെണ്‍കുട്ടിയെ കളിയാക്കിയവരോട് പ്രതികാരം ചെയ്യാനാണ് ആയുധങ്ങളുമായി ആറംഗ സംഘം എത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ അബിന്‍, കറുകച്ചാല്‍ അറുപതില്‍ ചിറയില്‍ ഷീജിത്ത് മോഹന്‍ (26), കൂത്രപ്പള്ളി ഇഞ്ചക്കുഴിയില്‍ ജിനോ സാബു (20), നെടുങ്ങാടപ്പള്ളി രണ്ടുപറയില്‍ ആല്‍ബിന്‍ തോമസ് (20), ആല്‍ബിന്റെ സഹോദരന്‍ അലക്‌സ് തോമസ് (18), കറുകച്ചാല്‍ എന്‍എസ്എസ് കവലയ്ക്കു സമീപം മുതുമരത്തില്‍ മെല്‍ബര്‍ട്ട് (20) എന്നിവരാണ് ആയുധങ്ങളുമായി എത്തിയത്.ഇതില്‍ അബിന്‍ ഒഴികെയുള്ള അഞ്ചുപേരെയും മണിമല, കറുകച്ചാല്‍ പൊലീസ് പിടികൂടിയിരുന്നു. ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

മണിമല സ്വദേശിനിയായ പെണ്‍കുട്ടിയെ കളിയാക്കിയവരോടു പ്രതികാരം ചെയ്യാനാണ് രണ്ട് ബൈക്കുകളിലായി ആറംഗ സംഘം ഇന്നലെ രാവിലെ 11ന് കോത്തലപ്പടിയില്‍ എത്തിയത്. കത്തി കാട്ടി ഇവര്‍ ബഹളം വച്ചു. ഇതിനിടെ അബിന്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ചു. കോത്തലപടി-കുളത്തുങ്കല്‍ റോഡിലും ഇവര്‍ ബൈക്കില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കുളത്തുങ്കല്‍ റോഡിലെ കടയുടെ വരാന്തയില്‍ നിന്ന പെണ്‍കുട്ടിയെ സംഘത്തിലൊരാള്‍ ബൈക്കില്‍ വെള്ളാക്കില്‍ പാറയിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നാലെ മറ്റ് 5 പേരും വെള്ളാക്കല്‍ പാറയിലെത്തി. പൊലീസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടി. ഇവര്‍ സ്റ്റേഷനില്‍ ബഹളമുണ്ടാക്കുകയും പൊലീസുകാര്‍ക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്തു. പ്രതികള്‍ കൈവശം സൂക്ഷിച്ച കഞ്ചാവ് പൊതികള്‍ വെള്ളാക്കല്‍ പാറയിലെ കാട്ടില്‍ എറിഞ്ഞു കളഞ്ഞെന്നു പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാവിനൊപ്പം വിട്ടയച്ചു.

പിടിയിലായവര്‍ തന്റെ സൃഹൃത്തുക്കളാണെന്നും വെള്ളാക്കല്‍ പാറ കാണാനെത്തിയതാണെന്നുമാണു പെണ്‍കുട്ടി മൊഴി നല്‍കിയത്. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. ഒളിവിലുള്ള അബിന് കഴിഞ്ഞ ദിവസം കങ്ങഴ മുണ്ടത്താനം ഇലവുങ്കലില്‍ സിഗരറ്റ് വില്‍പനക്കാരന്റെ വാഹനം തടഞ്ഞ് പണം തട്ടിയ സംഭവവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അബിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →