തൊഴില്‍ ചൂഷണം;ഏജന്‍സികളുടെ മറവില്‍ മലയാളി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്ത”എറണാകുളം സ്വദേശികള്‍ “അറസ്റ്റില്‍

ലണ്ടന്‍>> യുകെയില്‍ പഠിക്കാനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്ത് എളുപ്പത്തില്‍ ധനികരായ എറണാകുളത്തെ കുരിശു സ്വദേശികളായ യുവദമ്പതികള്‍ അറസ്റ്റില്‍.യുകെയിലെ വെയില്‍സില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായി.

യുകെയില്‍ എത്തിയിരിക്കുന്ന ന്യൂജനറേഷന്‍ മലയാളികളില്‍ നിന്നും കേള്‍ക്കുന്ന വ്യാപക പരാതികളില്‍ ഒന്നാണ് ഇപ്പോള്‍ നോര്‍ത്ത് വെയ്ല്‍സില്‍ നിന്നും പുറത്തു വരുന്നത്. എറണാകുളം പുത്തന്‍ കുരിശു സ്വദേശിയായ 31കാരനായ യുവാവാണ് കെയര്‍ ഏജന്‍സിയുടെ പേരില്‍ തൊഴില്‍ ചൂഷണം നടത്തി പൊലീസ് പിടിയില്‍ ആയിരിക്കുന്നത്. ഇയാളുടെ 29 വയസുള്ള ഭാര്യയും പൊലീസ് പിടിയിലായിട്ടുണ്ട്.

ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയിലെ സജീവ സാന്നിധ്യമായ ദമ്പതികളാണ് ഇവര്‍.നഴ്സുമാരായ ദമ്പതികള്‍ക്ക് കേസിന്റെ ഭാഗമായി എന്‍എംസി നടപടികളും നേരിടേണ്ടി വരും എന്നുറപ്പാണ്. സാധ്യമായ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് മുന്നേറുന്നത്.

മോഡേണ്‍ സ്ളേവറി ആക്ട് 2015 പ്രകാരമുള്ള നിയമ നടപടികള്‍ ഇവര്‍ നേരിടുകയാണ്. തല്‍ക്കാലം ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. പൊലീസ് ഈ കേസിനെ ആധുനിക ലോകത്തെ അടിമക്കച്ചവടം എന്നാണ് വിശേഷിപ്പിക്കുന്നത്. കെയര്‍ ഹോമുകളിലേക്കു കെയര്‍ അസിസ്റ്റന്റുമാരായി വിദ്യാര്‍ത്ഥികളെ നല്‍കിയ ദമ്പതികള്‍ അവര്‍ക്കായി ഏറ്റവും മോശം സാഹചര്യമാണ് ഒരുക്കിയിരുന്നതെന്നു പൊലീസ് വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിച്ചില്ലെന്നതിനാല്‍ അറസ്റ്റില്‍ ആയ ദമ്പതികള്‍ ജോലിക്കു നിയോഗിച്ച ഒന്‍പതു പേരുടെ ഭാവിയും ചോദ്യ ചിഹ്നമായി മാറുകയാണ്. വെയ്ല്‍സിലെ കെയര്‍ ഇന്‍സ്‌പെക്ടരേറ്റ് ഏജന്‍സിയെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളും നിരീക്ഷണ വലയിലാകുകയാണ്.

സംഭവം ദേശീയ പ്രാധാന്യം നേടുന്നതോടെ യുകെയില്‍ ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെയും വഴി അടയാന്‍ കാരണമാകും.അനുവദിക്കപ്പെട്ട 20 മണിക്കൂറില്‍ അധികം ജോലി ചെയ്തുവെന്നത് വെയ്ല്‍സില്‍ പൊലീസ് നിരീക്ഷണത്തില്‍ ഉള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും സമ്മതിച്ചതോടെ ഇക്കാര്യം യുകെയിലെ മുഴുവന്‍ കെയര്‍ ഹോമുകളും നോട്ടീസായി എത്താനും കാരണമാകും.

കൂടുതല്‍ പണം ഉണ്ടാക്കണമെന്ന ആര്‍ത്തിയാണ് മലയാളി ദമ്പതികളെ കുരുക്കിലാക്കിയത് എന്ന് വ്യക്തം. മതിയായ ഭക്ഷണമോ താമസ സൗകര്യമോ നല്‍കാതെ വിദ്യാര്‍ത്ഥികള്‍ അടിമകളെ പോലെയാണ് ജീവിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഭക്ഷണം വാങ്ങാന്‍ പണം ഇല്ലാതിരുന്ന വിദ്യാര്‍ത്ഥികള്‍ പ്രാദേശിക ജീവ കാരുണ്യ സംഘടനകള്‍ എത്തിച്ചിരുന്ന ഭക്ഷണം ഉപയോഗിച്ചാണ് വിശപ്പ് അടക്കിയിരുന്നതെന്നും സമീപ വാസികളായ മലയാളികള്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്തിരുന്ന കെയര്‍ ഹോം തന്നെ പരാതിക്കാരായി മാറി പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി കെയര്‍ ഏജന്‍സി ഉടമകളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്.
ഉണ്ണാതെയും ഉറങ്ങാതെയും കണ്ടാല്‍ അഭയാര്‍ത്ഥികള്‍ എന്ന് തോന്നിക്കും വിധമാണത്രെ യുകെയിലെ മികച്ച പ്രൊഫഷന്‍ ആയി കരുതപ്പെടുന്ന കെയറര്‍ ജോലിക്കു മലയാളി വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നത്. ഇവരുടെ സമീപം എത്തുമ്പോള്‍ തന്നെ വേണ്ടത്ര വൃത്തിയില്ലാതെ അസഹ്യമായ മണം വന്നിരുന്നു എന്നാണ് കെയര്‍ ഹോം മാനേജര്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മലയാളി തലമുറ ഇങ്ങനെയാണോ എന്ന് സംശയിക്കപ്പെടേണ്ടി വരുന്ന ഒരു പരാതി കൂടിയായി ഇത് മാറുകയാണ്. ഇതേകാര്യം സ്ഥിരമായി വിദ്യാര്‍ത്ഥികളെ പലയിടത്തും എത്തിക്കുന്ന മലയാളി ടാക്‌സി ഡ്രൈവര്‍മാരും സാക്ഷ്യപ്പെടുത്തുന്നതിനാല്‍ വംശീയതയുടെ പേരില്‍ രൂപപ്പെട്ട പരാതി എന്ന ആരോപണവും ഉന്നയിക്കാനാകില്ല.

തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ ഏതു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന കെയര്‍ ഹോം മാനേജ്മെന്റിന്റെ അന്വേഷണമാണ് യുവ ദമ്പതികളെ പൊലീസ് വലയിലാക്കിയത്.

വാടക ഇനത്തില്‍ മുടക്കേണ്ട പണം ലഭിക്കാന്‍ ഇടുങ്ങിയ മുറികളില്‍ തറകളിലാണ് വിദ്യാര്‍ത്ഥികള്‍ കിടന്നിരുന്നത് എന്നും പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വ്യക്തമായിട്ടുണ്ട്.

ആവശ്യത്തിന് ഹീറ്റിങ് സംവിധാനവും അടച്ചുറപ്പില്ലാത്ത സാഹചര്യവും മാത്രമല്ല വൃത്തിഹീനമായ താമസ സ്ഥലവും എല്ലാം ചേര്‍ന്നതോടെ അടിമകള്‍ക്ക് തുല്യമായ ജീവിതമാണ് വിദ്യാര്‍ത്ഥികള്‍ നയിച്ചിരുന്നതെന്നും റെയ്ഡ് നടത്തിയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയത് കോടതിയില്‍ ദമ്പതികള്‍ക്ക് ഉത്തരമില്ലാതാക്കും.

ഇതോടെയാണ് മോഡേണ്‍ സ്ളേവറി എന്ന വാക്കുപയോഗിച്ചു സംഭവത്തിന് കൂടുതല്‍ ക്രിമിനല്‍ സ്വഭാവം നല്‍കാന്‍ പൊലീസ് തയ്യാറായത്. വിദ്യാര്‍ത്ഥികളെ താല്‍ക്കാലികമായി സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ലക്ഷങ്ങള്‍ മുടക്കി പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ത് എന്നത് വലിയൊരു ചോദ്യമായി മാറുകയാണ്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു വെയില്‍സ് പൊലീസും ശക്തമായ ഇടപെടലാണ് നടത്തുന്നത്. ഡിസംബര്‍ 16നു നടന്ന സംഭവം നിയമ നടപടികള്‍ ശക്തമാക്കുന്നതിനായി പൊലീസ് മാധ്യമങ്ങളുടെ കണ്ണില്‍ നിന്നുവരെ മറച്ചു വയ്ക്കുക ആയിരുന്നു.

രണ്ടു വീടുകളിലായി റെയ്ഡ് നടത്തി ഒന്‍പതു വിദ്യാര്‍ത്ഥികളുടെ വിവരമാണ് നോര്‍ത്ത് വെയ്ല്‍സ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ സൂചന അനുസരിച്ചു മറ്റ് സ്ഥലങ്ങളിലും പൊലീസ് വൈകാതെ എത്തും എന്നാണ് കരുതപ്പെടുന്നത്. ഇതോടെ അനധികൃതമായി ജോലി ചെയ്ത വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുളിലാകുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →