പട്ടാപ്പകല്‍ ബൈക്കിലെത്തി മാല മോഷണം; പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

ന്യൂസ് ഡെസ്ക്ക് -

വണ്ടൂര്‍>>>വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തി തട്ടിപ്പറിച്ച പ്രതിയെ എഴ് മണിക്കൂറിനുള്ളില്‍ പിടികൂടി എടവണ്ണ പൊലീസ്. തഞ്ചാവൂര്‍ സ്വദേശി ചന്ദ്രു സുരേഷിനെയാണ് (20) എടവണ്ണ സി.ഐ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. രാവിലെ 10ഓടെയാണ് തിരുവാലി അങ്ങാടിക്കു സമീപം വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാല പ്രതി ബൈക്കിലെത്തി തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.

വീട്ടമ്മയുടെ പരാതിയില്‍ തിരുവാലിയിലെയും പരിസരങ്ങളിലെയും സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ പ്രതി ആരെന്ന് വ്യക്തമായി. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പുന്നപ്പാല ശിവക്ഷേത്രത്തിനു സമീപത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പശുഫാമിലെ ജീവനക്കാരനാണ് ചന്ദ്രു സുരേഷ്.

പ്രതി തട്ടിപ്പറിച്ച രണ്ടര പവന്റെ മാലയും ഫാമിനു സമീപത്തുവെച്ച് കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →