മാല മോഷണം: കാമുകീകാമുകന്മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

web-desk -

ആലപ്പുഴ >>>ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തില്‍ കാമുകീകാമുകന്മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കായംകുളം പത്തിയൂര്‍ കിഴക്ക് വെളിത്തറവടക്ക് വീട്ടില്‍ അന്‍വര്‍ ഷാ ( 22 ), കോട്ടയം കൂട്ടിക്കല്‍ എന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര ( 24 ), കരുനാഗപ്പള്ളി തഴവ കടത്തുര്‍ ജയകൃഷ്ണന്‍ ( 19 ) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 26-ാം തീയതി ഉച്ചക്ക് പെരിങ്ങാല മേനാമ്ബളളി മെഴുവേലത്ത് സജീവന്റെ ഭാര്യ ലളിതയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. ആതിരയും അന്‍വര്‍ ഷായും കമിതാക്കളാണ്. ലളിത വീട്ടിലേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ അന്‍വറും ആതിരയും മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

മാല പൊട്ടിച്ചതിന് ശേഷം രക്ഷപെട്ട ഇവര്‍ ബൈക്ക് കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച് മൂന്നാര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തിരികെ എറണാകുളത്തെത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികള്‍ പൊട്ടിച്ച മാല വില്‍ക്കാന്‍ സഹായിച്ചത് മൂന്നാം പ്രതി ജയകൃഷ്ണനാണ്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.