ഭിന്നശേഷിക്കാരനെപൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

-

നിലമ്പൂര്‍>>ഭിന്നശേഷിക്കാരനായ 52കാരനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി.

പോത്തുകല്ല് നെട്ടിക്കുളം കളരിക്കല്‍ കെ.പി.തോമസ് കുട്ടിയാണ് (പൊന്നന്‍52) പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ശാരീരികാസ്വാസ്ഥ്യവും മൂത്ര തടസ്സവും അനുഭവപ്പെട്ട ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, തോമസ് കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നും ഇയാള്‍ മദ്യലഹരിയില്‍ അസഭ്യം പറഞ്ഞെന്ന് പൊലീസ് ആരോപിച്ചു.

അസമയത്ത് റോഡരികില്‍ കണ്ടപ്പോള്‍ വിവരം അന്വേഷിക്കുക മാത്രമാണു ചെയ്തതെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടോര്‍ച്ച് പിടിച്ചു വാങ്ങി കേടുവരുത്തിയെന്നും പൊലീസ് പറയുന്നു. 21ന് രാത്രി 11 ന് ആണ് സംഭവം. അരയ്ക്ക് താഴോട്ട് തളര്‍ന്ന തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് തോമസിന്റെ ആരോപണം.

മകന്‍ ഉള്‍പ്പെട്ട കാരള്‍ സംഘത്തെ കാത്ത് വീടിനു സമീപം മുച്ചക്ര വാഹനത്തില്‍ ഇരിക്കുമ്പോഴാണ് പൊലീസ് ഉപദ്രവിച്ചത്. പൊലീസ് ജീപ്പിലെത്തിയ തണ്ടര്‍ ബോള്‍ട്ടിന്റെ യൂണിഫോം ധരിച്ച രണ്ട് പേര്‍ എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു.

മകനെ കാത്തിരിക്കുകയാണെന്ന് മറുപടി നല്‍കിയപ്പോള്‍ ടോര്‍ച്ച് കൊണ്ടു തലയ്ക്കടിച്ചുവെന്നു തോമസ് കുട്ടി പറയുന്നു. തലയുടെ വശത്താണ് കൊണ്ടത്. ടോര്‍ച്ച് നിലത്ത് വീണു കേടായതിനാല്‍ ജീപ്പില്‍ നിന്ന് ലാത്തിയെടുത്ത് വന്ന് വീണ്ടും മര്‍ദിച്ചു. വാഹനത്തില്‍ നിന്ന് നിലത്ത് വീണപ്പോള്‍ ചവിട്ടി.

ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ അയല്‍വാസിയാണു പൊലീസിനെ പിന്തിരിപ്പിച്ചത്. പുറത്ത് ലാത്തിയടിയേറ്റ പാടുകളുണ്ട്. മൂത്രം പരിശോധിച്ചപ്പോള്‍ രക്തത്തിന്റെ അംശം കണ്ടെത്തിയതായി തോമസ് കുട്ടി പറഞ്ഞു. 12 വര്‍ഷം മുന്‍പ് വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതമേറ്റാണ് തോമസ് കുട്ടിയുടെ അരയ്ക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ടത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →