ഡി.ലിറ്റ് വിവാദം,വിസിയുടെ തുറന്നുപറച്ചില്‍; കേരള സര്‍വകലാശാല അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു

തിരുവനന്തപുരം>> കേരള സര്‍വകലാശാലയുടെ അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണ്ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളിയെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍ യോഗം ചര്‍ച്ച ചെയ്യും. വി.സി നല്‍കിയ കത്തിനെ അതിരൂക്ഷമായി ഗവര്‍ണ്ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള വി.സി ഇന്നലെ പ്രസ്താവനയും ഇറക്കിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് കേരള വി.സി വി പി മഹാദേവന്‍ പിള്ള തുറന്നുപറഞ്ഞത്. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കുമെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി വ്യക്തമാക്കിയിരുന്നു.

അതേസമയം വിഷയത്തില്‍ കൂടുതല്‍ പ്രതികരണം വേണമെന്ന അഭിപ്രായം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുണ്ട്. യോഗത്തില്‍ വിസിയുടെ വിശദീകരണവും സിന്‍ഡിക്കേറ്റ് തീരുമാനവും നിര്‍ണ്ണായകമാണ്. സിന്‍ഡിക്കേറ്റ് ചേരാതെയാണ് ഗവര്‍ണ്ണറുടെ ശുപാര്‍ശ തള്ളിയത് എന്നുള്ളതും വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് തീരുമാനമുണ്ടാകുമെന്നത് നിര്‍ണായകമാണ്.

നേരത്തെ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ തള്ളിയെന്ന് ഗവര്‍ണ്ണര്‍ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ള നിര്‍ദ്ദേശം കൊണ്ടാണ് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ ശുപാര്‍ശ തള്ളേണ്ടിവന്നതെന്ന് കേരള വിസി അറിയിച്ചെന്നും ഗവര്‍ണ്ണര്‍ വെളിപ്പെടുത്തിയിരുന്നു. ശുപാര്‍ശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ചാന്‍സിലറുടെ ശുപാര്‍ശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞ് കേരള വിസിക്കെതിരെ ഗവര്‍ണ്ണര്‍ തുറന്നടിച്ചത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →