
മാര്‍ച്ച് 16 ന് പൂരപ്പാടത്ത് ഭക്തസഹസ്രങ്ങള്‍ക്ക്
മുമ്പില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങളും എത്തിച്ചേരും.
ആയിരത്തി നാനൂറ്റി നാല്പതാമത് ആറാട്ടുപുഴ പൂരത്തിന് നാന്ദികുറിച്ചുകൊണ്ട് മീനമാസത്തിലെ മകയിരംനാള്‍ സന്ധ്യാവേളയില്‍ ദേവസംഗമഭൂമിയായറിയപ്പെടുന്ന തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ശാസ്താക്ഷേത്ര സന്നിധിയില്‍ കൊടിയേറ്റു നടന്നു.
മാര്‍ച്ച് 16-നാണ് പൂരം. മുപ്പത്തിമുക്കോടി ദേവഗണങ്ങളും അണിനിരക്കുന്ന ദേവസംഗമവേളയ്ക്കായുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികള്‍. 1438 വര്‍ഷത്തെ ചരിത്രം പേറുന്ന ആറാട്ടുപുഴ പൂരത്തിന്റെ കൊടിയേറ്റം മറ്റുക്ഷത്രങ്ങളില് നിന്നും വ്യത്യസ്തമാണ്. ഇവിടെ ഭക്തരാണ് കൊടിയേറ്റുന്നത്. കേരളത്തിലെ പൂരങ്ങള്‍ക്ക് മാതൃകയായ ആചാരാനുഷ്ഠാനങ്ങളും എഴുന്നള്ളിപ്പിന്റെയും താളമേളങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും വര്‍ണ്ണപ്പൊലിമയുടെയും അലങ്കാരങ്ങളുടെയും വൈവിദ്ധ്യങ്ങള്കൊണ്ടും സമ്പന്നമാണ് ആറാട്ടുപുഴപൂരം. ഏഴു ദിവസമാണ് ഉത്സവം. പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്. ആറാം ദിവസമാണ് പൂരം.
ഏഴാം നാള് ആറാട്ടോടെ സമാപനം. മുമ്പ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള 108 ദേവന്മാര് പൂരത്തിന് പങ്കെടുത്തിരുന്നുവത്രെ. പെരുവനം-ആറാട്ടുപുഴ പൂരങ്ങളുടെ ചടങ്ങുകള്‍ കര്ഷകസംസ്കാരവുമായി ബന്ധപ്പെട്ടുള്ളവയാണ്. പൂരത്തില്‍ പങ്കെടുക്കുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും ദേവസ്വം വക കൃഷിഭൂമിയും ഉണ്ടായിരുന്നു. സമൂഹത്തിന്റെ നിലനില്പ് കൃഷിയെ അടിസ്ഥാനമാക്കിയുള്ള കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ക്കുള്ള വരുമാനം കൂടിയായിരുന്നു പറയെടുപ്പ്. ഗ്രാമദേവതയ്ക്കുള്ള പാട്ടം എന്ന അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ പറ നിറച്ചിരുന്നത്. പെരുവനം ക്ഷേത്രത്തിനു കീഴിലെ കൃഷിയിടങ്ങളില്‍ നിന്ന് മാത്രം ഏകദേശം നാല് ലക്ഷം പറ നെല്ല് പാട്ടം കിട്ടിയിരുന്നത്രെ. ഇത്തവണയും ആറാട്ടുപുഴ ശാസ്താവിന് മേള പ്രമാണിമാര്‍ നിറപറ സമര്‍പ്പിച്ചു
ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാര്‍ നടപ്പുരയില്‍ വെച്ച് നിറപറ സമര്‍പ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നടപ്പുരയില്‍ വെച്ചായിരുന്നു സമര്‍പ്പണം. പെരുവനം കുട്ടന് മാരാര്‍, കീഴൂട്ട് നന്ദനന്‍, കുമ്മത്ത് നന്ദനന്‍, കുമ്മത്ത് രാമന്‍കുട്ടി നായര്‍, പെരുവനം ഗോപാലകൃഷ്ണന് എന്നിവരാണ് ക്ഷേത്രത്തില്‍ എത്തിയത്. തിരുവാതിര വിളക്ക്, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളില്‍ പഞ്ചാരി മേളവും, പെരുവനം പൂരം, തറക്കല്‍ പൂരം എന്നീ ദിവസങ്ങളില്‍ പാണ്ടി മേളവുമാണ് അരങ്ങേറുന്നത്.ഉരുട്ടു ചെണ്ടയില്‍ പെരുവനം കുട്ടന്മാരാരും, കുറുങ്കഴലില് കീഴൂട്ട് നന്ദനനും, വലന്തലയില്‍ പെരുവനം ഗോപാലകൃഷ്ണനും, കൊമ്പില്‍ കുമ്മത്ത് രാമന് കുട്ടി നായരും, ഇലത്താളത്തില്‍ കുമ്മത്ത് നന്ദനനും, ശാസ്താവിന്റെ മേളങ്ങളില്‍ പ്രമാണിമാരാകും. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് എം. മധു, സെക്രട്ടറി അഡ്വ. കെ. സുജേഷ്, ട്രഷറര്‍ എം. ശിവദാസന്‍, വൈസ് പ്രസിഡന്റ് എ. ജി. ഗോപി, ജോയിന്റ് സെക്രട്ടറി സുനില്‍ പി. മേനോന്, ഓഡിറ്റര്‍ പി. രാജേഷ് എന്നിവര്‍ മേളപ്രമാണിമാരെ സ്വീകരിച്ചു.