സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ സാമ്പത്തികസ്ഥിക്ക് അനുസരിച്ച് നല്‍കാന്‍ ആലോചന

തിരുവനന്തപുരം>> സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും . നിരക്ക് എത്ര കൂട്ടണമെന്നതില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമാക്കി നിശ്ചയിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്രയും മറ്റു വിഭാഗങ്ങള്‍ക്ക് ആനുപാതികമായും ഉള്ള നിരക്ക് പരിഗണനയിലാണ്.

രാത്രിയാത്രകള്‍ക്കുള്ള നിരക്ക് വര്‍ധനവും സര്‍ക്കാര്‍ ആലോചിക്കുകയാണ്. മുഖ്യമന്ത്രിയുമായും ബസുടമകളുമായും നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ബസ് ചാര്‍ജ്ജ് വര്‍ധനവ് അനിവാര്യമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. പക്ഷെ അന്തിമ തീരുമാനത്തിലെത്താന്‍ ഇനിയുമായിട്ടില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നത് തീര്‍ത്തും പുതിയ നിര്‍ദേശങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ നിരക്ക് നിശ്ചയിക്കുക. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സൗജന്യയാത്രയും, മറ്റുള്ളവര്‍ക്ക് വരുമാനത്തിനനുസരിച്ച് ആനുപാതികമായ നിരക്കുമാണ് ആലോചനയില്‍.

രാത്രികാല യാത്രകള്‍ക്ക് ആള്‍ കുറവായതിനാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തുന്നത് കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് രാത്രികാല സര്‍വ്വീസുകള്‍ക്ക് നിരക്ക് കൂട്ടുന്നത് ആലോചിക്കുന്നത്. ബസുടമകളുടെ നഷ്ടം നികത്തല്‍ കൂടിയാണ് ലക്ഷ്യം. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കു.

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ധനവുണ്ടായാലുടനെ പ്രക്ഷോഭമുണ്ടാകുമെന്ന് ബോധ്യമുള്ള സര്‍ക്കാര്‍ പുതിയ നിര്‍ദേശം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, വ്യക്തത വരുത്താനായില്ലെങ്കില്‍ രാത്രികാലയാത്രാ നിരക്ക് വര്‍ധനവ് നിര്‍ദേശം തിരിച്ചടിക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 5 രൂപ, മിനിമം ചാര്‍ജ്ജ് 10 രൂപ എന്നീ നിലകളില്‍ തന്നെയാണ് ഇപ്പോഴും നിര്‍ദേശം നിലനില്‍ക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →